ad
Deshabhimani

ബംഗാളിലെ ഹാൽദിയ റിഫൈനറിയിൽ വൻ തീപിടിത്തം: 20 പേർക്ക് പരിക്ക്

fire

ബംഗാളിലെ ഹാൽദിയ റിഫൈനറിയിലുണ്ടായ തീപിടിത്തം Image Credit : PTI

വെബ് ഡെസ്ക്

Published on Jun 30, 2026, 12:15 PM | 1 min read

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പൂർബ മേദിനിപൂർ ജില്ലയിലുള്ള ഹാൽദിയ പെട്രോകെമിക്കൽസ് റിഫൈനറിയിലെ നാഫ്ത പൈപ്പ്‌ലൈനിൽ വൻ തീപിടിത്തം. ചൊവ്വാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ 20-ഓളം പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റവരിൽ രണ്ട് സുരക്ഷാ ജീവനക്കാരും ഉൾപ്പെടുന്നു.


ചൊവ്വാഴ്ച പുലർച്ചെ 2.45-ഓടെയാണ് പൈപ്പ്‌ലൈനിൽ തീപിടിത്തം ശ്രദ്ധയിൽപ്പെട്ടത്. നാഫ്ത പൈപ്പ്‌ലൈനിലുണ്ടായ ശക്തമായ ചോർച്ചയും തുടർന്നുണ്ടായ പൊട്ടിത്തെറിയുമാണ് വൻ ദുരന്തത്തിന് കാരണമായത്. തീപിടിത്തത്തെ തുടർന്ന് ഉയർന്ന കറുത്ത പുക പ്രദേശത്താകെ പരിഭ്രാന്തി പരത്തി.


ഹാൽദിയ മുനിസിപ്പാലിറ്റിയിലെ 13-ാം വാർഡിലുള്ള ചിരഞ്ജീബ്പൂരിലേക്ക് തീ അതിവേഗം പടരുകയും സമീപത്തെ നിരവധി വീടുകൾ അഗ്നിക്കിരയാവുകയും ചെയ്തു. 12-ലധികം ഫയർഫോഴ്സ് യൂണിറ്റുകൾ മണിക്കൂറുകളോളം കഠിനപ്രയത്നം നടത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.


അപകടസ്ഥലത്ത് നിന്നും രക്ഷപ്പെടുത്തിയ പരിക്കേറ്റവരെ ഉടൻ തന്നെ ഹാൽദിയ സബ് ഡിവിഷണൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ നില ഗുരുതരമായ അഞ്ചുപേരെ കൊൽക്കത്തയിലെ സർക്കാർ മെഡിക്കൽ കോളേജുകളിലേക്കും മറ്റ് സ്വകാര്യ ആശുപത്രികളിലേക്കും മാറ്റി.

റിഫൈനറിക്ക് സമീപത്തെ റെയിൽവേ ലൈനുകളിലെ ഓവർഹെഡ് ലൈനുകൾക്ക് തീപിടിത്തത്തിൽ കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് ഹാൽദിയ-പാൻസ്കുര റൂട്ടിലുള്ള ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം ആരംഭിച്ചതായി പെട്രോകെമിക്കൽസ് അധികൃതരും പൊലീസും അറിയിച്ചു.


അതേസമയം പ്ലാന്റിന് സമീപത്തുള്ള പൈപ്പ്‌ലൈനിൽനിന്ന് അനധികൃതമായി നാഫ്ത മോഷ്ടിക്കാനുള്ള ശ്രമമുണ്ടായി എന്നും തുടർന്ന് ചോർച്ചയുണ്ടാവുകയും പിന്നാലെ തീപ്പിടിത്തമുണ്ടാവുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home