ad
Deshabhimani

'ഫിഷറീസ് മന്ത്രിക്ക് കഴിവില്ലെന്ന് വരുത്താൻ ശ്രമം; വനംമന്ത്രിയുടെ ഇടപെടൽ ശരിയായില്ല': പ്രതിപക്ഷ നേതാവ്

shibu baby john_v e abdul khader_pinarayi vijayan
വെബ് ഡെസ്ക്

Published on Jun 30, 2026, 12:42 PM | 2 min read

തിരുവനന്തപുരം: സജി ചെറിയാൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച മത്സ്യത്തൊഴിലാളി പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഫിഷറീസ് മന്ത്രി വി ഇ അബ്ദുൾ ഗഫൂർ ഈ വിഷയത്തിൽ സഭയിൽ വിശദീകരണം നൽകിക്കൊണ്ടിരിക്കെ, വനം മന്ത്രി ഷിബു ബേബി ജോൺ ചട്ടങ്ങൾ ലംഘിച്ച് ഇടയ്ക്ക് കയറി സംസാരിച്ചത് സഭയിൽ വലിയ വാദപ്രതിവാദങ്ങൾക്ക് വഴിവെച്ചു. മന്ത്രിയുടെ ഈ ഇടപെടൽ സഭാ കീഴ്വഴക്കങ്ങൾക്ക് നിരക്കാത്തതാണെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ചൂണ്ടിക്കാണിച്ചെങ്കിലും പിന്നീട് സംസാരിക്കാൻ അനുവാദം നൽകുകയായിരുന്നു.


ഫിഷറീസ് മന്ത്രിക്ക് ഈ വിഷയത്തിൽ കൃത്യമായ മറുപടി നൽകാൻ കഴിവില്ലെന്ന് വരുത്തിതീർക്കുന്ന രീതിയിൽ ഷിബു ബേബി ജോണിന്റെ ഇടപെടലുണ്ടായത് ശരിയായില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സഭയെ അറിയിച്ചു. സ്വന്തം മുന്നണിയിലെ ഒരു മന്ത്രി തന്നെ സഹപ്രവർത്തകനെ അപമാനിക്കാൻ ശ്രമിച്ചത് ശരിയായില്ലെന്നും, ഒരാൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മറ്റൊരു മന്ത്രി അതേ വിഷയത്തിൽ ഇടപെട്ട് സംസാരിക്കുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. സഭയിൽ ഇത്തരം കാര്യങ്ങൾ പാടുണ്ടോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.


എന്നാൽ, പ്രതിപക്ഷ നേതാവിന്റെ ഈ പരാമർശം പിൻവലിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഈ പരാമർശങ്ങൾ സഭാരേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുൻ എൽഡിഎഫ് സർക്കാരുകളുടെ കാലത്തും അടിയന്തര പ്രമേയങ്ങളിൽ മന്ത്രിമാർ മറുപടി പറയുമ്പോൾ മറ്റ് മന്ത്രിമാർ ഇടപെട്ടിട്ടുണ്ടെന്ന വാദമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. എന്നാൽ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മറുപടി നൽകി. മുൻപ് മറ്റ് മന്ത്രിമാർ ഇടപെട്ടിട്ടുണ്ടെങ്കിൽ തന്നെ, സംസാരിച്ചുകൊണ്ടിരുന്നയാൾ പറഞ്ഞു നിർത്തിയ ശേഷമാണ് അവർ സംസാരിച്ചിട്ടുള്ളതെന്നും ഇവിടെ ഉണ്ടായത് അതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫിഷറീസ് മന്ത്രി കഴിവുറ്റ ആളാണെന്നാണ് തന്റെ അഭിപ്രായമെന്നും, എന്നാൽ നേരത്തെ മന്ത്രിയായിരുന്ന ഒരാൾ പുതിയതായി വന്ന മന്ത്രിക്ക് കഴിവില്ലെന്ന് സ്ഥാപിക്കുന്ന രീതിയിലാണ് ഇടപെട്ടതെന്നുമാണ് താൻ ഉദ്ദേശിച്ചതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.


മത്സ്യത്തൊഴിലാളി മേഖല നേരിടുന്നത് അതീവ ഗുരുതരമായ പ്രശ്നങ്ങളാണെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി ഏതു രീതിയിൽ ന്യായീകരിക്കാൻ ശ്രമിച്ചാലും നമ്മുടെ കടലിന്റെ മക്കൾ കടുത്ത ആശങ്കയിലാണെന്നും, തങ്ങൾക്ക് കടൽ നഷ്ടപ്പെടുമോ എന്ന ഭീതിയാണ് അവർക്കുള്ളതെന്നും പ്രതിപക്ഷ നേതാവ് സഭയിൽ പറഞ്ഞു.









deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home