ഗുണ്ടകളെയും ക്രിമിനലുകളെയും കൂട്ടുപിടിച്ച് കെ സുധാകരന്റെ 'രഹസ്യ യോഗം'; തള്ളിപ്പറഞ്ഞ് രമേശ് ചെന്നിത്തല

കൊച്ചി: സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ കോൺഗ്രസ് വിരുദ്ധ പ്രചാരണങ്ങളെ പ്രതിരോധിക്കാൻ എന്ന പേരിൽ കെ സുധാകരൻ എംപിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ ഗുണ്ടാ നേതാക്കളുടെയും ക്രിമിനൽ കേസ് പ്രതികളുടെയും രഹസ്യ യോഗം. യോഗത്തിൽ കൊടും ക്രിമിനലുകൾ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും എറണാകുളം ഡിസിസിയും സുധാകരനെ പൂർണമായി തള്ളിപ്പറഞ്ഞു.
യോഗം തങ്ങളുടെ അറിവോടെയല്ലെന്നും ഒരുവിധ കൂടിയാലോചനയും സുധാകരൻ നടത്തിയിട്ടില്ലെന്നുമാണ് ഡിസിസി നേതൃത്വത്തിന്റെ വിശദീകരണം. ഇത്തരമൊരു യോഗത്തെക്കുറിച്ച് താൻ അറിഞ്ഞിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കിയതോടെ സുധാകരൻ പൂർണ്ണമായി ഒറ്റപ്പെട്ടു. ഇത് സർക്കാരിന്റെ ഔദ്യോഗിക പരിപാടിയല്ലെന്നും ഇങ്ങനെ ഒരു യോഗം സർക്കാർ വിളിച്ചുചേർത്തിട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
ലഹരി-ഗുണ്ടാ മാഫിയകൾക്കെതിരെ ആഭ്യന്തര-എക്സൈസ് വകുപ്പുകൾ നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ', 'ഓപ്പറേഷൻ തണ്ടർ' എന്നിവയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനെന്ന പേരിലാണ് സുധാകരൻ ക്രിമിനലുകളുടെ യോഗം വിളിച്ചത്. കൊപ്ര ഹാരിസ് എന്ന മട്ടാഞ്ചേരി ഹാരിസ്, തോക്ക് കേസിലെ പ്രതി റിയാസ്, കുപ്രസിദ്ധ ഗുണ്ട പുലി നസീർ, കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിലെ പ്രതി ബിലാൽ തുടങ്ങിയ വൻ ക്രിമിനൽ സംഘമാണ് സുധാകരനൊപ്പം യോഗത്തിൽ പങ്കെടുത്തത്.
സംസ്ഥാന സർക്കാരിന്റെ ജനപക്ഷ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ സുധാകരൻ ഇവരോട് ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത്തരം ഒരു യോഗം കൊച്ചിയിൽ വിളിച്ച് ചേർക്കുന്നതിന് മുൻപോ ശേഷമോ പാർട്ടിയുമായി ഒരു കൂടിയാലോചനയും സുധാകരൻ നടത്തിയിരുന്നില്ലെന്നും ഡിസിസി നേതാക്കൾ വ്യക്തമാക്കി.










0 comments