യുഎസിലേക്ക് കുടിയേറാൻ ശ്രമിച്ച യുവാക്കളെ തട്ടിക്കൊണ്ട് പോയി; മോചനദ്രവ്യമായി ആവശ്യപ്പെട്ടത് 17.45 ലക്ഷം

ന്യൂഡൽഹി: ഡോങ്കി റൂട്ട് വഴി യുഎസിലേക്ക് കുടിയേറാൻ ശ്രമിച്ച രണ്ട് യുവാക്കളെ തട്ടിക്കൊണ്ട് പോയതായി റിപ്പോർട്ട്. ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ള 20 വയസ് പ്രായമുള്ള രണ്ട് യുവാക്കളെയാണ് ഗ്വാട്ടിമാലയിൽ നിന്ന് തട്ടിക്കൊണ്ടുപോയതായി പരാതി. തട്ടിക്കൊണ്ടുപോയവർ മോചനദ്രവ്യമായി 17.45 ലക്ഷത്തോളം(20,000 അമേരിക്കൻ ഡോളർ) ആവശ്യപ്പെട്ടു.
യുവാക്കളുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കാൻ സഹായിക്കണമെന്ന് ഇരുവരുടെയും കുടുംബം ഇന്ത്യൻ സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്. സംഭവത്തിൽ ഹരിയാന സർക്കാർ പ്രാദേശിക ട്രാവൽ ഏജന്റുമാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി ദി ഫസ്റ്റ് പോസ്റ്റ് പറഞ്ഞു.
തട്ടിക്കൊണ്ടുപോയവരിൽ ഒരാളായ ഹരിയാനയിലെ കൈതാൽ ജില്ലയിലെ മോഹ്‌ന ഗ്രാമവാസിയായ യുവരാജ് സിങ് കഴിഞ്ഞ വർഷം ഒക്ടോബറിൽ യുഎസിലേക്ക് പോയിരുന്നു. തന്റെ മകനെ തോക്കിൻമുനയിൽ നിർത്തി പീഡിപ്പിക്കുന്ന വീഡിയോ തട്ടിക്കൊണ്ടുപോയവർ അയച്ചുകൊടുത്തതായും മകനെ മോചിപ്പിക്കാൻ 17.45 ലക്ഷത്തോളം രൂപ ആവശ്യപ്പെട്ടതായും യുവരാജിന്റെ അച്ഛൻ കുൽദീപ് സിങ് പറഞ്ഞു. രണ്ടാമത്തെ യുവാവ് പഞ്ചാബിലെ ഹോഷിയാർപൂർ ജില്ലയിലെ ദസുയ സ്വദേശിയാണ്. ഡിസംബറിലാണ് അദ്ദേഹത്തിന്റെ കുടുംബത്തിന് തട്ടിക്കൊണ്ടുപോയ വീഡിയോ ലഭിച്ചത്.











0 comments