വിവാഹദിനത്തിൽ സഹോദരിമാർ മരിച്ച നിലയിൽ; ശരീരത്തിൽ വിഷാംശം: അന്വേഷണം

ജോധ്പൂർ : രാജസ്ഥാനിലെ ജോധ്പൂരിൽ വിവാഹദിനത്തിൽ സഹോദരിമാർ മരിച്ച നിലയിൽ. മനായി ഗ്രാമത്തിലാണ് സംഭവം. ശോഭ (25) , വിമല (23) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച ഇവരുടെ വിവാഹം നടത്തുന്നതിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് കുടുംബത്തെ നടുക്കി മരണവാർത്തയെത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും ശരീരത്തിൽ വിഷാംശം കണ്ടെത്തിയെന്നും വിഷം കഴിച്ച് ജീവനൊടുക്കിയതാണെന്ന് കരുതുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. സഹോദരിമാരെ അവശനിലയിൽ കണ്ടെത്തിയ ഉടനെ ജോധ്പൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് പേരും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.
വെള്ളിയാഴ്ച രാത്രി വൈകുവോളം ഇവരുടെ വീട്ടിൽ വിവാഹ ആഘോഷങ്ങൾ തുടർന്നതായി എഡിസിപി (വെസ്റ്റ്) റോഷൻ മീണ പറഞ്ഞു. അർദ്ധരാത്രിയോടെയാണ് രണ്ട് പേരും ഉറങ്ങാനെന്നുപറഞ്ഞ് മുറികളിലെത്തിയത്. പുലർച്ചെ 4 മണിയോടെ യുവതികളുടെ ആരോഗ്യനില പെട്ടെന്ന് വഷളായതോടെ കുടുംബാംഗങ്ങൾ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മരിച്ചതായി അറിയിച്ചതോടെ മൃതദേഹങ്ങൾ വീട്ടിലെത്തിച്ച് ശവസംസ്കാരത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
വിവരം ലഭിച്ചയുടനെ പൊലീസ് സ്ഥലത്തെത്തി ശവസംസ്കാര ചടങ്ങുകൾ നിർത്തിവച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റിയതായും ഉദ്യോഗസ്ഥർ പറഞ്ഞു. വിഷവസ്തു കഴിച്ചാണ് സഹോദരിമാർ മരിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ സൂചനയുണ്ടെങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം സ്ഥിരീകരിക്കാൻ സാധിക്കൂ എന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല.










0 comments