ad
Deshabhimani

ഇൻഡോറിൽ ബിജെപി യുവമോർച്ച നേതാവിന്റെ ഗുണ്ടാവിളയാട്ടം: യുവാക്കളെ പിന്തുടർന്ന് ആക്രമിച്ചു, വാഹനം തകർത്തു

bjp vedant tiwari
വെബ് ഡെസ്ക്

Published on Feb 09, 2026, 07:32 AM | 1 min read

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ ബിജെപി യുവമോർച്ച ഭാരവാഹിയും കൂട്ടാളികളും ചേർന്ന് രണ്ട് യുവാക്കളെ ക്രൂരമായി ആക്രമിച്ചു. ബിജെപി യുവമോർച്ച മണ്ഡൽ വൈസ് പ്രസിഡന്റ് വേദാന്ത് തിവാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത്. പരിക്കേറ്റ സുദാമ നഗർ സ്വദേശികളായ പ്രഖർ ശർമ്മ, നയൻ ബഫ്‌ന എന്നിവർ തലയ്ക്ക് ഗുരുതരമായ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.


ഞായറാഴ്ച രാത്രി ഒരു കഫേയിൽ നിന്ന് ചായ കുടിച്ച് സ്കോർപിയോ കാറിൽ മടങ്ങുകയായിരുന്നു യുവാക്കൾ. ഈ സമയം വേദാന്ത് തിവാരിയും കൂട്ടാളികളായ സമീർ ശർമ്മ, ആദിത്യ എന്നിവരും ചേർന്ന് ഇവരുടെ കാറിനെ പിന്തുടരുകയും റാവു പ്രദേശത്ത് വെച്ച് തടഞ്ഞുനിർത്തുകയും ചെയ്തു. തുടർന്ന് കാറിന്റെ ചില്ലുകൾ തകർത്ത സംഘം യുവാക്കളെ വലിച്ച് പുറത്തിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.


ഇരുവിഭാഗങ്ങളും തമ്മിൽ നേരത്തെയും പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഏകദേശം ഇരുപത് ദിവസം മുമ്പ് ഇതേ സംഘം യുവാക്കളെ തടയാൻ ശ്രമിച്ചിരുന്നു. അന്ന് ഛത്രിപുര പൊലീസ് സ്റ്റേഷനിൽ വെച്ച് നടന്ന ചർച്ചയിൽ ഒത്തുതീർപ്പിലെത്തിയെങ്കിലും, ഈ വിട്ടുവീഴ്ച പ്രതികൾക്ക് കൂടുതൽ ധൈര്യം നൽകിയെന്നാണ് കരുതുന്നത്.


ആക്രമണത്തിന് ശേഷം പരാതി നൽകാൻ റാവു സ്റ്റേഷനിലെത്തിയ പരിക്കേറ്റവരുടെ ബന്ധുക്കൾക്ക് പൊലീസിന്റെ ഭാഗത്ത് നിന്ന് തണുപ്പൻ പ്രതികരണമാണ് ലഭിച്ചതെന്ന് ആക്ഷേപമുണ്ട്. ഭരണകക്ഷി നേതാക്കളുടെ രാഷ്ട്രീയ സമ്മർദ്ദം മൂലം കേസെടുക്കാൻ പൊലീസ് ആദ്യം മടിച്ചതായി കുടുംബം ആരോപിച്ചു. തുടർന്ന് സ്റ്റേഷനിൽ വലിയ തോതിലുള്ള പ്രതിഷേധം ഉണ്ടായതിനെത്തുടർന്നാണ് ഒടുവിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തയ്യാറായത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home