ad
Deshabhimani

ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിക്കുന്നത് വർധിക്കുന്നു, ഓരോ വർഷവും രണ്ട് ലക്ഷം പേർ

passport 25
avatar
എൻ എ ബക്കർ

Published on Dec 18, 2025, 02:51 PM | 3 min read

ന്യൂഡൽഹി: ഓരോ വർഷവും ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചിക്കുന്നത് രണ്ട് ലക്ഷം പേർ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏകദേശം പത്ത് ലക്ഷം ഇന്ത്യക്കാർ രാജ്യത്തിന്റെ പാസ്പോർട് ഉപേക്ഷിച്ചു. 2022 മുതൽ ഇത് ക്രമേണ വർധിക്കുന്ന പ്രവണതയാണ്. 2020 മുതൽ ഒമ്പത് ലക്ഷത്തിലധികം ഇന്ത്യക്കാരാണ് പൗരത്വം ഉപേക്ഷിച്ച് ഇതര രാജ്യങ്ങളിൽ ചേക്കേറിയത്.


പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിലാണ് ഈ ഡാറ്റ അവതരിപ്പിച്ചത്. 2011 നും 2024 നും ഇടയിൽ 2.06 ദശലക്ഷം അതായത് 20 ലക്ഷത്തിലധികം ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിച്ചതായി കണക്കുകൾ കാണിക്കുന്നു. ഇതിൽ പകുതിയോളം കഴിഞ്ഞ അഞ്ച് വർഷങ്ങളിലാണ് സംഭവിച്ചത്.


 നരേന്ദ്ര മോദി സർക്കാർ ആദ്യമായി അധികാരത്തിൽ വന്നത് മുതൽ ഏകദേശം ഒരു ദശാബ്ദക്കാലത്തെ വാർഷിക കണക്കുകൾ പ്രകാരം 1.2 ലക്ഷം മുതൽ 1.45 ലക്ഷം ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിച്ചു. 2022 മുതൽ ഇത് പ്രതിവർഷം 2 ലക്ഷത്തിലധികം ഇന്ത്യക്കാർ എന്ന നിലയിലേക്ക് വർധിച്ചു.


"കാരണങ്ങൾ വ്യക്തിപരവും വ്യക്തിക്ക് മാത്രം അറിയാവുന്നതുമാണ്" എന്നാണ് ലോക്‌സഭയിൽ ചോദ്യങ്ങൾക്ക് മറുപടിയായി വിദേശകാര്യ മന്ത്രാലയം രേഖാമൂലമുള്ള മറുപടി നൽകിയത്.


1970-കൾ മുതൽ തന്നെ ബ്രെയിൻ ഡ്രെയിൻ ഇന്ത്യയെ ബാധിക്കുന്നതായി ചർച്ചകൾ ഉയർന്നിരുന്നു. എന്നാൽ അടുത്ത കാലത്തായി അത് വർദ്ധിച്ചുവരികയും 2020-കളിൽ അത് അതിന്റെ ഉച്ചസ്ഥായിയിലെത്തുകയും ചെയ്തു.


mea citizen


മുൻകാലങ്ങളിൽ തൊഴിലാളികളായോ, കുടിയേറുന്ന ഡോക്ടർമാരും എഞ്ചിനീയർമാരും പോലുള്ള വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളായോ ആണ് മനുഷ്യവിഭവ ശേഷി നഷ്ടമായിരുന്നത്. ഇപ്പോഴിത് സമ്പന്നരും വിദ്യാർഥികളും എന്ന നിലയിലേക്കും എത്തി. 2014 മുതൽ ഏകദേശം 23,000 ഇന്ത്യൻ കോടീശ്വരന്മാർ മാത്രം രാജ്യം വിട്ടുപോയതായി കണക്കാക്കപ്പെടുന്നു.


ഇന്ത്യൻ പാസ്‌പോർട്ട് ഇരട്ട പൗരത്വ വ്യവസ്ഥ അംഗീകരിക്കുന്നില്ല. ഇന്ത്യൻ നിയമപ്രകാരം, മറ്റൊരു രാജ്യത്തിന്റെ പൗരത്വം സ്വമേധയാ നേടിയാൽ തന്നെ ഇന്ത്യൻ പാസ്‌പോർട്ട് ഉടമയ്ക്ക് സ്വമേധയാ പൗരത്വം നഷ്ടപ്പെടും. 


പകരമായി പറയുന്ന, ഇന്ത്യയുടെ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) പദവി ഒരു കേവല പദവി മാത്രമാണ്. വിസ രഹിത യാത്രയും പരിമിതമായ സാമ്പത്തിക അവകാശങ്ങളും മാത്രം വാഗ്ദാനം ചെയ്യുന്നു. രാഷ്ട്രീയ അവകാശങ്ങൾ നൽകുന്നില്ല.


മാത്രമല്ല OCI ഉടമകൾക്ക് മറ്റ് രാജ്യങ്ങളിൽ വോട്ടുചെയ്യാനോ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനോ ഭരണഘടനാപരമായ സ്ഥാനങ്ങൾ വഹിക്കാനോ കഴിയില്ല. വിദേശത്ത് സ്ഥിരമായി സ്ഥിരതാമസമാക്കിയ കുടിയേറ്റക്കാർക്ക്, പ്രത്യേകിച്ച് കുടുംബങ്ങളുള്ളവർക്ക്, വിദേശ പൗരത്വം ഒരു ആവശ്യകതയായി മാറുന്നു. വിഭാഗീയതകളും അസ്വസ്ഥതകളും പുതിയ തലമുറയെ അകറ്റുന്നു.

 

നഷ്ടമാവുന്നത് ഏറ്റവും മികച്ചവരെ


പാസ്പോർട് ഉപേക്ഷിച്ചവരുടെ തൊഴിൽ തിരിച്ചുള്ള ഡാറ്റ സർക്കാർ പുറത്തുവിട്ടിട്ടില്ല. ആഗോള കുടിയേറ്റ പഠനങ്ങൾ പറയുന്നത് ഇന്ത്യക്കാർ ലോകത്തിലെ ഏറ്റവും വലിയ വൈദഗ്ധ്യമുള്ള കുടിയേറ്റ ജനസംഖ്യയിൽ ഒന്നാണ് എന്നാണ്. യുഎൻ ഡാറ്റ പ്രകാരം, നിരവധി വർഷങ്ങളായി അന്താരാഷ്ട്ര കുടിയേറ്റക്കാരുടെ ഏറ്റവും വലിയ ഉറവിട രാജ്യമാണ് ഇന്ത്യ. 2019 ലെ കണക്കനുസരിച്ച്, വിദേശത്തുള്ള ഇന്ത്യൻ സമൂഹം 17.5 ദശലക്ഷമാണ്.


യുഎസ്, കാനഡ, യുകെ തുടങ്ങിയ രാജ്യങ്ങളിലെ ഏറ്റവും ഉയർന്ന വിദ്യാഭ്യാസമുള്ള കുടിയേറ്റ ഗ്രൂപ്പുകളിൽ ഇന്ത്യക്കാരാണ് മുൻപന്തിയിൽ. മൈഗ്രേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ട് (എംപിഐ) പഠനമനുസരിച്ച്, ഇന്ത്യൻ കുടിയേറ്റക്കാർക്ക് യുഎസിൽ ജനിച്ചവരെക്കൾ വളരെ ഉയർന്ന വിദ്യാഭ്യാസ നിലവാരമുണ്ട്. 25 വയസും അതിൽ കൂടുതലുമുള്ള ഇന്ത്യൻ കുടിയേറ്റക്കാരിൽ ഏകദേശം 81% പേർക്ക് കുറഞ്ഞത് ഒരു ബാച്ചിലേഴ്സ് ബിരുദമെങ്കിലും ഉണ്ടായിരുന്നു എന്ന് അവരുടെ 2023 ലെ കണക്കുകൾ പറയുന്നു. എന്നാൽ ഇത് വിദേശത്ത് ജനിച്ച മുതിർന്നവരിൽ ഏകദേശം 35% ഉം യുഎസിൽ ജനിച്ച മുതിർന്നവരിൽ 36% ഉം മാത്രമാണ്.


പാർലമെന്റിൽ നൽകിയ കണക്കുകൾ


ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച ഇന്ത്യക്കാരുടെ എണ്ണം 2023 ൽ 2,16,219 ഉം 2024 ൽ 2,06,378 ഉം ആയിരുന്നു. നേരത്തെയുള്ള കണക്കുകൾ- 2011 ൽ ഇത് 1,22,819 ഉം 2012 ൽ 1,31,405 ഉം ആയിരുന്നു ഇവരുടെ സംഖ്യ.

 2013 ൽ 1,29,328 ആയിരുന്നു. എന്നാൽ 2015-ൽ 1,31,489 പേർ; 2016-ൽ 1,33,049 പേർ; 2017-ൽ 1,34,561 പേർ; 2018-ൽ 1,44,017 പേർ എന്ന നിലയ്ക്കായി.

2019-ൽ 85,256  പേരും 2020-ൽ 1,63,370 പേരും, 2021-ൽ 2,25,620 പേരും വിദേശ പൗരത്വത്തിനായി ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു. എന്നാൽ ഈ ആളുകളുടെ സംസ്ഥാന തിരിച്ചുള്ള വിതരണം ലഭ്യമല്ല. (QUESTION NO. 220 RENOUNCEMENT OF INDIAN CITIZENSHIP BY CITIZENS)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home