ബംഗാളിൽ വീണ്ടും എസ്ഐആര്‍ മരണം, വോട്ടര്‍ പട്ടികയിൽ നിന്ന് പുറത്തായ രണ്ട് പേര്‍ ജീവനൊടുക്കി

പശ്ചിമ ബംഗാളിൽ വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദത്തെത്തുടർന്ന് രണ്ട് പേർ കൂടി ആത്മഹത്യ ചെയ്തു. ജൽപായ്ഗുരി, സൗത്ത് 24 പർഗാനാസ് ജില്ലകളിലാണ് മരണങ്ങൾ. ഫെബ്രുവരി 28-ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ ഒഴിവാക്കപ്പെട്ടതാണ് ഇവരെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബാംഗങ്ങൾ വെളിപ്പെടുത്തി.
സൗത്ത് 24 പർഗാനാസിലെ ഘോൽപാറ സ്വദേശിയായ റഫീഖ് അലി ഗാസി (44) യുടെ പേര് പട്ടികയിൽ 'അഡ്ജുഡിക്കേഷൻ' (പരിഗണനയിലുള്ളത്) വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ഇതിൽ മനംനൊന്ത് കഴിഞ്ഞ ഇദ്ദേഹത്തെ ബുധനാഴ്ച രാവിലെ സ്വന്തം മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൗരത്വം നഷ്ടപ്പെടുമെന്നുള്ള വേവലാതിയിലായിരുന്നു ഇദ്ദേഹം. നാടുകടത്തപ്പെടുമെന്നും തൊഴിലും ജീവിത മാര്‍ഗ്ഗവും നഷ്ടമാവുമെന്നും ഭയം കീഴടക്കിയ നിലയിലായിരുന്നു.
ജൽപായ്ഗുരി സ്വദേശിയായ ഗൗരംഗ ദേ (62)യാണ് മരിച്ച രണ്ടാമത്തെയാൾ. ഇദ്ദേഹം ഒരു മോമോ കച്ചവടക്കാരനായിരുന്നു. അന്തിമ പട്ടികയിൽ ഇദ്ദേഹത്തിന്റെ പേര് 'ഡിലീറ്റഡ്' (ഒഴിവാക്കപ്പെട്ടു) എന്ന വിഭാഗത്തിലാണ് വന്നത്. ഇതിന് ശേഷം വലിയ ആശങ്കയിലായിരുന്നു എന്ന് ഭാര്യ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ വീടിനുള്ളിലെ ശുചിമുറിയിൽ ഇദ്ദേഹത്തെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പേര് ഒഴിവാക്കപ്പെടാൻ യാതൊരു കാരണവും ഉണ്ടായിരുന്നില്ല. മറ്റുള്ളവര്‍ക്കൊപ്പമാണ് പേര് ചേര്‍ത്തത്. എന്നിട്ടും ഒഴിവാക്കപ്പെട്ടതാണ് അസ്വസ്ഥത വര്‍ധിപ്പിച്ചത്.
ബംഗാളിൽ മാത്രം
ജീവനൊടുക്കിയത് 100 ൽ അധികം പേര്‍
എസ് ഐ ആര്‍ പ്രക്രിയ ആരംഭിച്ചതിന് ശേഷം ബംഗാളിൽ മാത്രം മാനസിക അസ്വസ്ഥത മൂലം 110-ലധികം പേർ മരിച്ചതായി മുഖ്യമന്ത്രി മമത ബാനർജി പറയുന്നു. 2025 ഡിസംബറിൽ എസ് ഐ ആര്‍ സമ്മർദ്ദം മൂലം മരിച്ച 39 പേരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വീതം സഹായം നൽകിയിട്ടുണ്ട്.
മാനസിക പ്രശ്നം മൂലം അസുഖബാധിതരായ 13 പേർക്ക് 1 ലക്ഷം രൂപ വീതവും സംസ്ഥാന സർക്കാർ സഹായം പ്രഖ്യാപിച്ചിരുന്നു. ഇതിൽ വോട്ടർ പട്ടിക പുതുക്കുന്ന ജോലി ചെയ്തിരുന്ന ബുത്ത് ലെവൽ ഓഫീസർമാരും (BLO) ഉൾപ്പെടുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച്, നിലവിൽ ബംഗാളിലെ ആകെ വോട്ടർമാരുടെ എണ്ണം 7.04 കോടിയായി കുറഞ്ഞു. ഫെബ്രുവരി 28-ന് പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം സംസ്ഥാനത്താകെ 63.66 ലക്ഷം വോട്ടർമാരുടെ പേരുകൾ ഒഴിവാക്കപ്പെട്ടു.
60.06 ലക്ഷം പേരുടെ പേരുകൾ 'അഡ്ജുഡിക്കേഷൻ' വിഭാഗത്തിലാണ്. ഇവരുടെ രേഖകൾ വീണ്ടും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമേ വോട്ടവകാശം ഉറപ്പാക്കൂ. മരണപ്പെട്ടവർ, സ്ഥലം മാറിപ്പോയവർ, ഒരേ പേര് ആവർത്തിച്ചു വന്നവർ (Absentee, Shifted, Dead, Duplicate - ASDD) എന്നിവരെ നീക്കം ചെയ്യാനാണ് ഈ നടപടിയെന്ന് അധികൃതർ ആവര്‍ത്തിക്കുന്നു.
എന്നാൽ ഇവയൊന്നും സാധാരണ ഗ്രാമീണരായ മനുഷ്യര്‍ക്ക് മനസിലാവുന്നതല്ല. ഓരോ ദിവസവും തൊഴിൽ എടുത്ത് അതിൽ നിന്നുള്ള വരുമാനത്തിൽ ജീവിക്കുന്നവരാണ്. അവര്‍ പരമ്പരയായി ജനിച്ചു വളര്‍ന്ന നാട്ടിലും മണ്ണിലും ജീവിക്കാൻ കഴിയാതെയും അംഗീകാരമില്ലാതെയും വരുമെന്ന സംഭ്രമമമാണ് ഉയരുന്നത്.










0 comments