ചെമ്പ് കമ്പി മോഷ്ടിച്ചു: ഇൻസ്റ്റാഗ്രാം താരം അറസ്റ്റിൽ

ലത്തൂർ: നിർമ്മാണ സ്ഥലത്ത് നിന്ന് ചെമ്പ് കമ്പി മോഷ്ടിച്ചതിന് യുവതി അറസ്റ്റിൽ. ഇൻസ്റ്റാഗ്രാമിൽ ആയിരക്കണക്കിന് ഫോളോവേഴ്‌സുള്ള 19കാരി പ്രിയ ജിതേന്ദ്ര കാംബ്ലെ എന്നയാളാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ സുധാകർ ബവ്കറിന്റെ നേതൃത്വത്തിലുള്ള ലോക്കൽ ക്രൈം ബ്രാഞ്ച് സംഘം ബുധനാഴ്ച സ്കൂളിന് സമീപത്തുനിന്നാണ് ഇവരെ തടഞ്ഞുവെച്ചത്.
പ്രകാശ് നഗർ പ്രദേശത്തെ ബുദ്ധ വിഹാറിനടുത്തുള്ളരു നിർമ്മാണ സ്ഥലത്ത് നിന്നാണ് ഇവർ ചെമ്പ് കമ്പി മോഷ്ടിച്ചതെന്നും, ഇത് പിന്നീട് ആക്രിക്കടയിൽ വിറ്റതായും ചോദ്യം ചെയ്യലിൽ യുവതി സമ്മതിച്ചു. മോഷ്ടിച്ച ചെമ്പ് കമ്പി വിറ്റതിലൂടെ ലഭിച്ചതെന്ന് കരുതുന്ന 41,000 രൂപ ഇവരുടെ പക്കൽ നിന്ന് പൊലീസ് കണ്ടുകെട്ടിയിട്ടുണ്ട്.
എംഐഡിസി പൊലീസ് സ്റ്റേഷനിൽ നേരത്തെ തന്നെ ഈ മോഷണക്കേസ് രജിസ്റ്റർ ചെയ്തിരുന്നു. നിലവിൽ കസ്റ്റഡിയിലുള്ള യുവതിയെ കൂടുതൽ അന്വേഷണങ്ങൾക്ക് വിധേയയാക്കുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇൻസ്റ്റാഗ്രാമിൽ 'ക്വീൻ റീൽ സ്റ്റാർ' എന്ന പേരിൽ സജീവമായിരുന്ന യുവതിക്ക് മുപ്പത്തിരണ്ടായിരത്തോളം ഫോളോവേഴ്‌സ് ഉണ്ടായിരുന്നു.








0 comments