മായം ചേർത്ത ഇന്ധനം നിറച്ചു; മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ 19 കാറുകൾ വഴിയിലായി

ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന്റെ വാഹനവ്യൂഹത്തിലെ 19 കാറുകൾ തകരാറിലായി. മായം ചേർത്ത ഡീസൽ നിറച്ചതിനാലാണ് കാറുകൾ തകരാറിലായതെന്നാണ് റിപ്പോർട്ട്. നൈപുണ്യ വികസന കോൺക്ലേവിൽ പങ്കെടുക്കാൻ മോഹൻ യാദവ് രത്ലാമിലേക്ക് പോകുമ്പോഴാണ് കാറുകൾക്ക് തകരാർ നേരിട്ട് വഴിയിലായത്.
യാത്രയ്ക്ക് മണിക്കൂറുകൾക്ക് മുമ്പ് ഒരു സ്വകാര്യ പമ്പിൽ നിന്നാണ് ഇന്ധനം നിറച്ചത്. വെള്ളം കലർത്തിയ ഡീസൽ നിറച്ചതിനാലാണ് കാറുകൾ തകരാറിലായത്. പത്തൊമ്പത് വാഹനങ്ങൾ ഒരുമിച്ച് തകരാറിലാവുകയായിരുന്നു. സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഡീസൽ വാങ്ങിയ പമ്പ് അധികൃതർ അടച്ചുപൂട്ടി. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലെ ഒന്ന് രണ്ട് കാറുകൾക്കാണ് ആദ്യം തകരാർ തുടങ്ങിയത്. തുടർന്ന് 19 കാറുകളും ഓഫാകുകയായിരുന്നു. മറ്റൊരു വാഹന സഞ്ചയം സംഘടിപ്പിച്ച് മുഖ്യമന്ത്രി യാത്ര തുടർന്നു. പ്രദേശത്തെ ഒരു പെട്രോൾ പമ്പിൽ നിന്നാണ് ഡീസൽ വാങ്ങിയത്. ഓരോ കാറിലും ഏകദേശം 20 ലിറ്റർ ഡീസലിൽ 10 ലിറ്റർ വെള്ളം കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
മായം കലർന്ന ഡീസൽ വിതരണം ചെയ്തെന്ന ആരോപണം പെട്രോൾ പമ്പ് ജീവനക്കാർ നിഷേധിച്ചു. എന്നാൽ പമ്പിൽ നിന്നും കുപ്പിയിൽ ഡീസൽ വാങ്ങിയ പ്രദേശവാസി സമാന ആരോപണം ഉന്നയിച്ചതോടെയാണ് മായം ചേർക്കുന്നുണ്ടെന്ന് വ്യക്തമാക്കിയത്. കുപ്പിയിൽ ഡീസലിന്റെയും വെള്ളത്തിന്റെയും പാളികൾ വ്യക്തമായി കാണാമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് ജീവനക്കാർ ഉടൻ തന്നെ സാമ്പിളുകൾ ശേഖരിച്ച് വിശകലനം ചെയ്തതോടെ പമ്പിൽ നിന്ന് വിതരണം ചെയ്ത ഡീസലിൽ വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് സ്ഥിരീകരിച്ചു. വഴിയിലായ കാറുകൾ തള്ളിമാറ്റുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. വാഹനങ്ങൾ തള്ളിനീക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി.









0 comments