തമിഴ്നാട്ടില്‍ ഒമ്പത് വയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ 17കാരൻ അറസ്റ്റിൽ

ചെന്നൈ : തമിഴ്നാട് പുതുക്കോട്ടയിൽ ഒമ്പത് വയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ 17കാരൻ അറസ്റ്റിൽ. പ്രതിക്കെതിരെ പോക്സോ വകുപ്പും മറ്റ് നാല് വകുപ്പുകളും ചേർത്ത് കേസെടുത്തതായി ടൈം ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
കരുകക്കുറിച്ചി ഗ്രമത്തിൽ നിന്നുള്ള നാലാം ക്ലാസ് വിദ്യാർഥിയാണ് കൊല്ലപ്പെട്ടത്. വൈകുന്നേരം സുഹൃത്തുക്കളോടൊപ്പം കളിക്കാൻ പോയ കുട്ടി വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്ന് നടത്തിയ തെരച്ചിലിൽ കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. വീട്ടിൽ നിന്നും ഏകദേശം നൂറ് മീറ്റർ അകലെയുള്ള കുളത്തിന് സമീപമാണ് ആൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കണ്ടെത്തുമ്പോൾ കുട്ടിയുടെ കഴുത്തിനും മുഖത്തുമെല്ലാം മുറിവേറ്റ പാടുകളുണ്ടായിരുന്നു.
തുടർന്ന് കൂട്ടുകാരെ പൊലീസ് ചോദ്യം ചെയ്തപ്പോൾ നാട്ടുകാരനായ 17കാരനൊപ്പം കുട്ടി പോയതായി അറിഞ്ഞു. സംഭവത്തിൽ കസ്റ്റഡിയിലെടുത്ത 17കാരൻ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു. കുട്ടിയെ താൻ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നും ചെറുത്തപ്പോൾ തുണി ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് 17കാരൻ മൊഴി നൽകി. 17കാരനെ ജുവനൈൽ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്.











0 comments