ജാർഖണ്ഡ് എക്സൈസ് കോൺസ്റ്റബിൾ പരീക്ഷാ ചോർച്ച: 159 ഉദ്യോഗാർഥികൾ പിടിയിൽ

റാഞ്ചി: ജാർഖണ്ഡ് എക്സൈസ് കോൺസ്റ്റബിൾ പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ചാ സംഘം പിടിയിൽ. റാഞ്ചിയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്നും 159 ഉദ്യോഗാർഥികളെ പൊലീസ് പിടികൂടി. പരീക്ഷയ്ക്ക് മുൻപ് ഉദ്യോഗാർഥികളെ എത്തിച്ച് ചോദ്യങ്ങൾ മനഃപാഠമാക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്.
റെയ്ഡിൽ നാല് സെറ്റ് ചോദ്യപേപ്പറുകളും ഉത്തരസൂചികകളും കണ്ടെടുത്തു. ഇതിൽ ഒരു ഖോർത്ത (Khortha) ഭാഷാ ചോദ്യം പൂർണ്ണമായും മറ്റൊന്ന് ഭാഗികമായും യഥാർഥ പരീക്ഷാ പേപ്പറുമായി സാമ്യമുള്ളതായി സ്ഥിരീകരിച്ചു. എന്നാൽ സമ്പൂർണ്ണ ചോർച്ചയുണ്ടായോ എന്ന് തെളിയിക്കാൻ കൂടുതൽ അന്വേഷണം ആവശ്യമാണ്.
തട്ടിപ്പിന് പിന്നിൽ മുമ്പ് സമാന കേസുകളിൽ പ്രതിയായ അതുൽ വത്സ് ആണെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്ക് ഇത്തരം ചോദ്യപ്പേപ്പർ ചോർച്ചാ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഓരോ ഉദ്യോഗാർഥിയുമായും ഏകദേശം 15 ലക്ഷം രൂപയുടെ ഇടപാടാണ് സംഘം നടത്തിയിരുന്നത്. ഉറപ്പിനായി ഉദ്യോഗാർഥികളുടെ അഡ്മിറ്റ് കാർഡുകളും മറ്റ് രേഖകളും സംഘം കൈവശപ്പെടുത്തിയിരുന്നു.
തട്ടിപ്പിൽ ഉൾപ്പെട്ട 159 ഉദ്യോഗാർഥികളെയും ഭാവിയിൽ ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമീഷൻ നടത്തുന്ന പരീക്ഷകളിൽ നിന്ന് സ്ഥിരമായി വിലക്കുമെന്ന് അധികൃതർ അറിയിച്ചു.










0 comments