കാലവർഷത്തിനൊപ്പം കടൽക്ഷോഭവും രൂക്ഷം; തീരദേശ ജനത ആശങ്കയിൽ

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കാലവർഷക്കെടുതികൾക്കൊപ്പം കേരള തീരത്ത് കടൽക്ഷോഭം രൂക്ഷമായി തുടരുന്നു. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ തീരമേഖലകളിൽ ശക്തമായ തിരമാലകളും കടലേറ്റവും വ്യാപക നാശനഷ്ടങ്ങൾ സൃഷ്ടിച്ചു. വീടുകൾ, റോഡുകൾ, തീരസംരക്ഷണ സംവിധാനങ്ങൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചതോടെ തീരദേശ ജനത ദുരിതത്തിലായി.
കാസർകോട് ജില്ലയിൽ കുമ്പള, ഉപ്പള, കോയിപ്പാടി, മാവില കടപ്പുറം എന്നിവിടങ്ങളിൽ കടലാക്രമണം രൂക്ഷമായി തുടരുന്നു. ഈ പ്രദേശങ്ങളിൽ നിന്ന് നിരവധി കുടുംബങ്ങളെ ബന്ധു വീടുകളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലക്കുമായി മാറ്റി പാർപ്പിച്ചു. ബേക്കൽ, പള്ളിക്കര, ഉദുമ മേഖലകളിലും കടൽക്ഷോഭം ശക്തമാണ്.
തൃശൂർ പുന്നയൂർക്കുളം തീരത്ത് തങ്ങൾപ്പടി, പെരിയമ്പലം ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ വലിയ തോതിൽ തീരശോഷണം ഉണ്ടായി. വീടുകൾക്കും റിസോർട്ടുകൾക്കും ഭീഷണി ഉയർന്നതോടെ തീരസംരക്ഷണ നടപടികൾ ശക്തമാക്കണമെന്ന ആവശ്യം ഉയർന്നു.
എറണാകുളം ചെല്ലാനം, കണ്ണമാലി, വൈപ്പിൻ മേഖലകളിൽ തിരമാലകൾ വീടുകളിലേക്കും റോഡുകളിലേക്കും കയറി. ആലപ്പുഴ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ മേഖലകളിലും കടലാക്രമണം രൂക്ഷമായി. വൈദ്യുതി പോസ്റ്റുകൾ തകർന്നതും റോഡുകളിൽ മണൽ നിറഞ്ഞതും ഗതാഗതത്തെ ബാധിച്ചു.
കൊല്ലം തങ്കശ്ശേരി, കൊല്ലം ബീച്ച്, മുണ്ടക്കൽ, ഇരവിപുരം മേഖലകളിൽ കടലേറ്റം ശക്തമായി തുടരുകയാണ്. കൊല്ലം ബീച്ചിന്റെ ഭാഗങ്ങൾ കടലെടുത്തതോടെ തീരസംരക്ഷണത്തെക്കുറിച്ച് ആശങ്ക ഉയർന്നു.
തിരുവനന്തപുരം വലിയതുറ, പൂന്തുറ, ശംഖുംമുഖം മേഖലകളിലും കടൽക്ഷോഭം ശക്തമാണ്. മുതലപ്പൊഴിയിലും വിഴിഞ്ഞത്തും ശക്തമായ തിരമാലകളെ തുടർന്ന് അപകടങ്ങളുണ്ടായി.
കടൽക്ഷോഭം രൂക്ഷമായ പ്രദേശങ്ങളിൽ നിരവധി കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറ്റേണ്ടിവരുന്നുണ്ട്. ക്യാമ്പുകളിൽ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത, ആരോഗ്യ സംരക്ഷണം തുടങ്ങിയവയും തീരദേശവാസികൾക്ക് വെല്ലുവിളിയായി തുടരുന്നു.
തീരമേഖലകളിലെ സ്ഥിതിഗതികൾ അധികൃതർ നിരീക്ഷിച്ചുവരികയാണ്. അപകടസാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
തുടർച്ചയായ കടലാക്രമണം മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെയും സാരമായി ബാധിച്ചു. മോശം കാലാവസ്ഥയെ തുടർന്ന് മത്സ്യബന്ധന നിയന്ത്രണം തുടരുകയാണ്. അപകടസാധ്യതയുള്ള തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി.










0 comments