ad
Deshabhimani

മാലിന്യനീക്കത്തിൽ അതീവ ജാ​​ഗ്രത വേണം; പകർ‌ച്ച വ്യാധികളെ കരുതിയിരിക്കുക

paandanadu
വെബ് ഡെസ്ക്

Published on Aug 04, 2026, 02:54 PM | 2 min read

തിരുവനന്തപുരം: മാലിന്യനിർമാർജനത്തിലും രോഗപ്രതിരോധത്തിലും യുഡിഎഫ്‌ നേതൃത്വത്തിലുള്ള സർക്കാരും തദ്ദേശസ്ഥാപനങ്ങളും വീഴ്‌ചവരുത്തിയതോടെ പിടിമുറുക്കിയ പകർച്ചവ്യാധി ഇനിയും കൂടിയേക്കും. തിരുവനന്തപുരത്തും കൊച്ചിയിലും ആലപ്പുഴയിലും കോഴിക്കോടുമെല്ലാം കഴിഞ്ഞ മാസം പെയ്ത മഴയിൽ വലിയ തോതിലാണ് ഡെങ്കിപ്പനി ,കോളറ, ഷി​ഗെല്ല, എലിപ്പനി, തുടങ്ങിയ അസുഖങ്ങൾ പടർന്നുപിടിച്ചിരുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയിൽ വിവിധ ജില്ലകളിലെ മ പ്രധാന ന​ഗരത്തിലെല്ലാം വെള്ളം കെട്ടിക്കിടക്കുന്നത് വലിയ ആശങ്കയാണ് വരും ദിവസങ്ങളിൽ ഉയർത്തുക.


കോട്ടയം, റാന്നി, പത്തനംതിട്ട, പാലാ തുടർന്ന് കുട്ടനാടും കോഴിക്കോട്ടെ വിവിധ പ്രദേശങ്ങളിലുമെല്ലാം വലിയ അളവിലാണ് വെള്ളം കെട്ടിനിൽക്കുന്നത്. ഈ വെള്ളം താഴുന്നതോടെ മാലിന്യങ്ങളുടെ കൂമ്പാരം തന്നെയാണ് അവശേഷിക്കുക. തുടർന്ന് ജലജന്യ രോ​ഗങ്ങൾ പിടിപെടാനുള്ള വല്യ സാധ്യതയാണ് കാണുന്നത്. എലിപ്പനി ഡെങ്കിപ്പനി പോലുള്ള അസുഖങ്ങൾ പടർന്നത് പലയിടത്തും ഇപ്പോഴും ശമിച്ചിട്ടാല്ലാത്തതിനാൽ കൂടുതൽ ജാ​ഗ്രതയോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ട അസ്ഥയാണ് നിലവിലുള്ളത്.

കൊച്ചിയിൽ മഴ ശക്തമായതോടെ രോഗവ്യാപനം കൂടുമെന്നാണ്‌ ആശങ്ക. ഇതോടെ അതീവ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്‌ ഡിഎംഒ. മലിനമായ മണ്ണിലും ചെളിയിലും വെള്ളക്കെട്ടിലും എലിപ്പനിയുടെ രോഗാണുക്കളുണ്ടാകും. എലിപ്പനി വന്നാൽ അതിവേഗം മാരകമായി മരണംവരെ സംഭവിക്കാം. ജലജന്യരോഗങ്ങളായ വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് എന്നിവയുണ്ടാകാനുള്ള സാധ്യതയും കൂടി.


കൊച്ചിയിൽ ജൂലൈയിൽ മാത്രം മരിച്ചത് 18 പേരാണ്‌. പത്തുപേരുടെ മരണകാരണം എലിപ്പനിയാണ്. നാലുപേർ എച്ച്1എൻ1 ബാധിച്ച് മരിച്ചു. പനി ബാധിച്ച് ഒരാളും ശ്വാസകോശ അണുബാധയാൽ രണ്ടുപേരും ഇൻഫ്ലുവൻസ ബാധിച്ച് ഒരാളും മരിച്ചു.



ശുചീകരണത്തിന്‌ ഗംബൂട്ട്, കൈയുറ ധരിക്കണം,ഡോക്സി സൈക്ലിൻ ഗുളിക കഴിക്കണം.

സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും ആശുപത്രികളിലും എലിപ്പനി പ്രതിരോധമരുന്നുണ്ട്‌

കിണർ വെള്ളം ക്ലോറിനേറ്റ് ചെയ്യുക.തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.

പനി, മറ്റുരോഗലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ ചികിത്സ തേടണം

രോഗലക്ഷണങ്ങൾ ഉള്ളവർ മാസ്ക് ധരിക്കുക. സ്വയംചികിത്സ പാടില്ല

പാമ്പുകളെ സൂക്ഷിക്കുക


മഴമൂലം മാളങ്ങളിൽ വെള്ളംകയറി പാമ്പുകൾ വീടുകളിലും പരിസരപ്രദേശങ്ങളിലുമെത്താൻ സാധ്യതയുണ്ട്‌. വീടിനുള്ളിലും പരിസരത്തും വിറക്, മറ്റു പാഴ്‌വസ്തുക്കൾ എന്നിവ കൂട്ടിയിടരുത്. വാതിലുകളും ജനലുകളും തുറന്നിടരുത്. വീടിനുള്ളിൽ ടോർച്ച് ഉപയോഗിച്ച് നിരീക്ഷിച്ച് ഇഴജന്തുക്കളില്ലെന്ന് ഉറപ്പുവരുത്തണം. രാത്രി ടോർച്ച് ഉപയോഗിച്ച് മാത്രം പുറത്തിറങ്ങുക. പാദങ്ങൾ മൂടുന്ന തരത്തിലുള്ള പാദരക്ഷകൾ ധരിക്കുക. പാമ്പുകടിയേറ്റാൽ പ്രഥമശുശ്രൂഷ നൽകുകയും ശാസ്ത്രീയമായ ചികിത്സ ലഭ്യമായ ഏറ്റവും അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും വേണം.


പാമ്പുകടിയേറ്റാൽ


പരിഭ്രാന്തരാകരുത്, ഭയം വിഷത്തിന്റെ വ്യാപനം കൂട്ടും

കടിയേറ്റ ഭാഗം അനക്കാതിരിക്കാൻ ശ്രദ്ധിക്കണം

കടിയേറ്റ ഭാഗം മുറുക്കിക്കെട്ടരുത്

കടിയേറ്റ വ്യക്തിയെ ഇടതുവശം ചരിഞ്ഞു വലതുകാൽ മടക്കി കൈകളിൽ മുഖംചേർത്ത് കിടത്തുക

കടിയേറ്റ സ്ഥലത്തിന് ചുറ്റും ആഭരണങ്ങളോ ഇറുകിയ വസ്ത്രങ്ങളോ ഉണ്ടെങ്കിൽ മാറ്റുക.

പാമ്പിനെ പിടിക്കാനോ കൊല്ലാനോവേണ്ടി സമയം കളയരുത്

സാധ്യമെങ്കിൽ നിറം, അടയാളങ്ങൾ മാത്രം ശ്രദ്ധിക്കുക, ഫോട്ടോ എടുക്കാം




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home