പറക്കലിനിടെ വിമാനം കുലുങ്ങി, 12 എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് പരിക്ക്

ന്യൂഡൽഹി: ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം പറക്കലിനിടെ അതിശക്തമായി കുലുങ്ങി. 10 യാത്രക്കാർക്കും രണ്ട് ജീവനക്കാർക്കും പരിക്കേറ്റു. AI2379 വിമാനമാണ് എയര്‍ ടര്‍ബുലൻസിന് വിധേയമായത്.
പറക്കലിനിടെ കാറ്റും കുലുക്കവും കാരണം വിമാനത്തിന്റെ ഉയരത്തിൽ പെട്ടെന്ന് വ്യതിയാനമുണ്ടായത് ആശങ്ക വര്‍ധിപ്പിച്ചു. അല്പസമയത്തിന് ശേഷം വിമാനം ഡൽഹി വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.
നിസ്സാര പരിക്കുകളേറ്റവരെ മുൻകരുതൽ പരിശോധനകൾക്കായി വിമാനത്താവളത്തിലെ മെഡിക്കൽ സെന്ററിലേക്ക് മാറ്റിയതായും ആരുടെയും നില ഗുരുതരമല്ലെന്നും എയർ ഇന്ത്യ അറിയിച്ചു.
മൂന്ന് മിനിറ്റ് വരെ നീണ്ട ഭീതിജനകമായ അനുഭവമായിരുന്നു എന്ന് ഒരു യാത്രക്കാരൻ പ്രതികരിച്ചു. എയർ ടർബുലൻസ് അഥവാ വായു പ്രക്ഷുബ്ധത എന്നാൽ വിമാനത്തിൻ്റെ ചിറകുകൾക്ക് മുകളിലൂടെയുള്ള വായു പ്രവാഹം തടസപ്പെടുമ്പോൾ അനുഭവപ്പെടുന്നതാണ്. ഇത് ക്രമരഹിതമായ ലംബമായി കീഴോട്ടുള്ള ചലനത്തിന് കാരണമാകും.










0 comments