മുഖ്യമന്ത്രിയോടൊപ്പം വേദി പങ്കിട്ട് മൂന്നാം നാൾ ജീവനൊടുക്കി; ആന്ധ്രയിൽ പതിനഞ്ചുകാരി മരിച്ച നിലയിൽ

അമരാവതി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിനൊപ്പം വേദി പങ്കിടുകയും സംവാദം നടത്തുകയും ചെയ്ത പത്താം ക്ലാസ് വിദ്യാർഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പോളവാരം ജില്ലയിലെ രമ്പചോഡവരം സ്വദേശിനിയായ മുർറം ശിവാനിയെ (15) ആണ് വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
സ്കൂളിൽ നടന്ന പൊതുപരിപാടിയിൽ മുഖ്യമന്ത്രിയോടൊപ്പം വേദി പങ്കിട്ട്, സെൽഫിയെടുത്ത് മൂന്നാം നാളാണ് പെൺകുട്ടി ജീവനൊടുക്കിയത്. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ജൂലൈ 24-ന് രമ്പചോഡവരം സർക്കാർ സ്കൂളിൽ വച്ചുനടന്ന 'മെഗാ പേരന്റ്സ്-ടീച്ചേഴ്സ് മീറ്റിംഗിലാണ്' ശിവാനി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനൊപ്പം പങ്കെടുത്തത്.
ആ ചടങ്ങിന്റെ അവതാരകയായി മികച്ച രീതിയിൽ പ്രവർത്തിച്ചത് ശിവാനിയായിരുന്നു. പരിപാടിക്കിടെ മുഖ്യമന്ത്രി പെൺകുട്ടിയെ വേദിയിൽ തനിക്കൊപ്പം ഇരുത്തുകയും, പഠനത്തെക്കുറിച്ചും ഭാവി ലക്ഷ്യങ്ങളെക്കുറിച്ചും സംസാരിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയോടൊപ്പം സെൽഫിയെടുക്കാനും മറ്റ് കുട്ടികൾക്കൊപ്പം ഒരുമിച്ച് ഭക്ഷണം കഴിക്കാനും ശിവാനി മുന്നിലുണ്ടായിരുന്നു.
എന്നാൽ ഈ ചടങ്ങ് കഴിഞ്ഞ് മൂന്നാം ദിവസം, ഇർലപ്പള്ളി ഗ്രാമത്തിലെ മുത്തശ്ശിയുടെ വീട്ടിൽ ശിവാനിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിന് മുൻപ് മാതാപിതാക്കളോട് ക്ഷമ ചോദിച്ചുകൊണ്ട് ശിവാനി എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. വലിയ സ്വപ്നങ്ങളും ലക്ഷ്യങ്ങളും നേടിയെടുക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും, ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ വളരെ ബുദ്ധിമുട്ടാണെന്ന് കത്തിൽ പറയുന്നുണ്ട്.
ശിവാനിയുടെ മാതാപിതാക്കൾ കഴിഞ്ഞ കുറച്ചു വർഷങ്ങളായി വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഈ കുടുംബപ്രശ്നങ്ങളെത്തുടർന്നുണ്ടായ കടുത്ത മാനസിക വിഷമമായിരിക്കാം പെൺകുട്ടിയെ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് പോലീസ് കരുതുന്നത്. ശിവാനിയുടെ അപ്രതീക്ഷിത വേർപാടിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കടുത്ത ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്കും പോലീസിനും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056,










0 comments