അമേരിക്കയിൽ നിന്ന് കോടികൾ വിലമതിക്കുന്ന പുരാവസ്തുക്കൾ ഇന്ത്യയിലെത്തി

വടക്കേ ഇന്ത്യയിൽ നിന്ന് കടത്തിയ 62 കോടി രൂപ വിലമതിക്കുന്ന ബുദ്ധന്റെ ചുവന്ന മണൽക്കല്ലിലുള്ള വിഗ്രഹം|Photo Credit: The Hindu
ന്യൂയോർക്ക് : അമേരിക്കൻ അധികൃതർ പിടിച്ചെടുത്ത 117 കോടി രൂപ (14 മില്യൺ ഡോളർ) വിലമതിക്കുന്ന 657 പുരാവസ്തുക്കൾ ഇന്ത്യയ്ക്ക് തിരികെ നൽകി. കുപ്രസിദ്ധ പുരാവസ്തു കള്ളക്കടത്തുകാരായ സുഭാഷ് കപൂർ, നാൻസി വീനർ എന്നിവരുമായി ബന്ധപ്പെട്ട കേസുകളിൽ പിടിച്ചെടുത്തവയാണ് ഈ അപൂർവ ശിൽപങ്ങളും വസ്തുക്കളും. ന്യൂയോർക്കിലെ ഇന്ത്യൻ കൗൺസിൽ ജനറൽ രാജലക്ഷ്മി കദം പങ്കെടുത്ത ചടങ്ങിലാണ് ഔദ്യോഗിക കൈമാറ്റം നടന്നത്.
മൂന്ന് ഘട്ടങ്ങളിലായാണ് ഇത്രയും വലിയൊരു പുരാവസ്തു ശേഖരം ഇന്ത്യയിലെത്തിയത്. 2024 നവംബറിൽ 612 എണ്ണവും, 2025 ജൂലൈയിൽ 26 എണ്ണവും, ഇന്നലെ 19 എണ്ണവും കൈമാറി. ഈ 19 പുരാവസ്തുക്കളിൽ 17 എണ്ണവും സുഭാഷ് കപൂറിന്റെ കള്ളക്കടത്ത് ശൃംഖലയുമായി ബന്ധപ്പെട്ടതാണെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തെ ലക്ഷ്യം വച്ചുള്ള കള്ളക്കടത്ത് ശൃംഖലകൾ എത്രത്തോളം ആഴത്തിലുള്ളതാണെന്ന് ഈ കണ്ടെത്തലുകൾ വ്യക്തമാക്കുന്നുവെന്ന് മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ബ്രാഗ് പറഞ്ഞു.
ഛത്തീസ്ഗഡിലെ സിർപൂരിൽ നിന്ന് മോഷ്ടിക്കപ്പെട്ട അവലോകിതേശ്വരന്റെ വെങ്കല വിഗ്രഹമാണ് തിരികെ ലഭിച്ചവയിൽ ഏറ്റവും ശ്രദ്ധേയമായത്. 1982ൽ മ്യൂസിയത്തിൽ നിന്ന് കാണാതായ ഈ വിഗ്രഹം 2014ൽ ന്യൂയോർക്കിലെ സ്വകാര്യ ശേഖരത്തിൽ നിന്നാണ് കണ്ടെത്തിയത്. ഏകദേശം 16.7 കോടി രൂപയോളം വിലമതിക്കുന്നതാണ് ഈ അപൂർവ ശിൽപം. കൂടാതെ വടക്കേ ഇന്ത്യയിൽ നിന്ന് കടത്തിയ 62 കോടി രൂപ വിലമതിക്കുന്ന ബുദ്ധന്റെ ചുവന്ന മണൽക്കല്ലിലുള്ള വിഗ്രഹവും, മധ്യപ്രദേശിലെ ക്ഷേത്രത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട നൃത്തം ചെയ്യുന്ന ഗണേശ വിഗ്രഹവും തിരികെ ലഭിച്ചവയിൽ ഉൾപ്പെടുന്നു.
പതിറ്റാണ്ടുകൾ നീണ്ട നിയമനടപടികളുടെയും അന്വേഷണങ്ങളുടെയും ഫലമാണ് ഈ നേട്ടമെന്ന് ഇന്ത്യ പ്രൈഡ് സഹസ്ഥാപകൻ എസ് വിജയ് കുമാർ വ്യക്തമാക്കി. ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസിന്റെ (എച്ച്എസ്ഐ) സഹകരണത്തോടെയാണ് വർഷങ്ങളായി ഇന്ത്യ ഇതിനായി പരിശ്രമിച്ചത്. ഇനിയും ആയിരത്തിലധികം പുരാവസ്തുക്കൾ ഇന്ത്യയ്ക്ക് തിരികെ ലഭിക്കാനുണ്ടെന്നും, കപൂർ - വീനർ കേസുകളുമായി ബന്ധപ്പെട്ട ബാക്കി അന്വേഷണങ്ങൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ കലാവസ്തുക്കളുടെ അന്താരാഷ്ട്ര കള്ളക്കടത്ത് വിപണിയെ തകർക്കാൻ ഈ അന്വേഷണങ്ങൾ സഹായിക്കുമെന്നാണ് വിലയിരുത്തൽ.










0 comments