വർഗീയപ്രസംഗം: അലഹാബാദ് ഹൈക്കോടതി ജഡ്ജി സുപ്രീംകോടതി കൊളീജിയത്തിന് മുന്നിൽ ഹാജരായി

ന്യൂഡൽഹി> വിശ്വഹിന്ദു പരിഷത്തിന്റെ ചടങ്ങിൽ വിദ്വേഷ - വർഗീയ പരാമർശം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവ് സുപ്രീംകോടതി കൊളീജിത്തിന് മുന്നിൽ ഹാജരായി. ചീഫ് ജസ്‌റ്റിസ് സഞ്ജീവ് ഖന്ന അടങ്ങിയ കൊളീജിയത്തിന് മുമ്പാകെ ശേഖർകുമാർ യാദവ് ഹാജരായി വിശദീകരണം നൽകി. ‘‘ഇത് ഹിന്ദുസ്ഥാനാണ്. ഭൂരിപക്ഷത്തിന്റെ ഇഷ്‌ടമേ ഇവിടെ നടക്കൂ. അതാണ് നിയമം’’- എന്നായിരുന്നു അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവിന്റെ പരാമർശം.
സംഭവത്തിൽ കടുത്ത വിമർശനങ്ങളും പ്രതിഷേധവും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീം കോടതി കൊളീജിയം യാദവിനോട് നേരിട്ട് ഹാജരായി വിഷയത്തിൽ വിശദീകരണം നൽകണമെന്ന് നിർദ്ദേശിച്ചത്. ഒരു ന്യായാധിപന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്ത ഗുരുതര പരാമർശം നടത്തിയ യാദവിനെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റും രാജ്യസഭാ എംപിയുമായ കപിൽ സിബലും ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു.
വിദ്വേഷ–- വർഗീയ പരാമർശം നടത്തിയ ശേഖർ കുമാർ യാദവിനെ ഇംപീച്ച്മെന്റ് ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ പാർലമെന്റിൽ രാജ്യസഭാ സെക്രട്ടറി ജനറലിന് നോട്ടീസ് നൽകിയിരുന്നു. കപിൽ സിബൽ, ജോൺ ബ്രിട്ടാസ്, ദിഗ്‌വിജയ് സിങ്, വിവേക് തൻഖ, കെ ടി എസ് തുൾസി, പി വിൽസൺ എന്നിവരടക്കം 55 എംപിമാർ ഒപ്പിട്ട പ്രമേയമാണ് വെള്ളിയാഴ്‌ച രാജ്യസഭാ സെക്രട്ടറി ജനറലിന് കൈമാറിയത്. ഇതിന് പിന്നാലെ വിഷയത്തിൽ സുപ്രീംകോടതി യാദവിനോട് വിശദീകരണം തേടിയിരുന്നു.










0 comments