പഞ്ചാബ് കർഷകരുടെ ഡൽഹി മാർച്ച് ഇന്ന് പുനരാരംഭിക്കും

ന്യൂഡൽഹി
കേന്ദ്രസർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകാത്ത സാഹചര്യത്തിൽ ഞായറാഴ്‌ച വീണ്ടും ഡൽഹിയിലേക്ക് മാർച്ച് ചെയ്യുമെന്ന് പഞ്ചാബിലെ കർഷകസംഘടനകൾ പ്രഖ്യാപിച്ചു. വെള്ളിയാഴ്ചത്തെ മാർച്ച് പഞ്ചാബ് –- ഹരിയാന അതിർത്തിയായ ശംഭുവിൽ ഹരിയാന പൊലീസ് തടഞ്ഞിരുന്നു. പൊലീസിന്റെ കണ്ണീർവാതക പ്രയോഗത്തിൽ നിരവധി കർഷകർക്ക് പരിക്കേറ്റതോടെ മാർച്ച് പിൻവലിക്കുകയായിരുന്നു.
സർക്കാർ ചർച്ചയ്‌ക്ക് സന്നദ്ധമാകാത്ത സാഹചര്യത്തിൽ 101 കർഷകർ ഞായറാഴ്‌ച ഉച്ചയോടെ സമാധാനപരമായി മാർച്ച് പുനരാരംഭിക്കുമെന്ന് കർഷകനേതാവ് സർവൻ സിങ് പന്ഥർ അറിയിച്ചു. കർഷകരുടെ ആവശ്യങ്ങൾ പരിഗണിക്കാൻ കേന്ദ്രത്തിലെ ബിജെപി സർക്കാരിന് താൽപര്യമില്ല. ഇതുവരെ ചർച്ചയ്‌ക്ക് സന്നദ്ധമായിട്ടില്ല. അതുകൊണ്ട് ഞായറാഴ്‌ച മാർച്ച് പുനരാരംഭിക്കും. സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം. അല്ലെങ്കിൽ ഡൽഹിയിലേക്ക് മാർച്ച് അനുവദിക്കണം. വളരെ സമാധാനപരമായ പ്രതിഷേധമാണ് കർഷകർ താൽപര്യപ്പെടുന്നത്. അതുപോലും അനുവദിക്കില്ലെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ. വെള്ളിയാഴ്‌ച പൊലീസിന്റെ കണ്ണീർവാതക പ്രയോഗത്തിൽ 16 പേർക്ക് പരിക്കേറ്റു. ഒരാൾക്ക് കേൾവി നഷ്ടമായി–- പന്ഥർ പറഞ്ഞു.
ശംഭു അതിർത്തിയിലാണ് കർഷകർ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇവിടെ നിന്ന് ഹരിയാനയിലേക്ക് പ്രവേശിക്കാനുള്ള ശ്രമമാണ് ബാരിക്കേഡുകൾ നിരത്തി വെള്ളിയാഴ്‌ച പൊലീസ് തടഞ്ഞത്. കർഷകമാർച്ച് മുൻനിർത്തി അംബാല ജില്ലയിലെ പഞ്ചാബിനോട് ചേർന്നുള്ള 11 ഗ്രാമങ്ങളിൽ വെള്ളിയാഴ്‌ച മൊബൈൽ ഇന്റർനെറ്റും ബൾക്ക് എസ്‌എംഎസ് സൗകര്യവും വിലക്കിയിരുന്നു. ഞായറാഴ്‌ചയും കർഷകരെ തടയാനുള്ള ഒരുക്കത്തിൽ തന്നെയാണ് ഹരിയാന പൊലീസ്.










0 comments