ജിഎസ്‌ടി കൗൺസിൽ നാളെ; ഇൻഷുറൻസ്‌ മേഖലയിലെ നികുതി കുറച്ചേക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 08, 2024, 01:06 AM | 0 min read

ന്യൂഡൽഹി > ലൈഫ്‌, ആരോഗ്യ ഇൻഷുറൻസ്‌ പോളിസികളുടെ  നികുതി നിരക്ക്‌  കുറയ്‌ക്കണമെന്ന ആവശ്യത്തിന്മേൽ തിങ്കളാഴ്‌ച ചേരുന്ന 54–-ാം ജിഎസ്‌ടി കൗൺസിൽ യോഗം  തീരുമാനമെടുത്തേക്കും. നിലവിൽ 18 ശതമാനമാണ്‌ ജിഎസ്‌ടി നിരക്ക്‌.  നികുതി ലഘൂകരിക്കാൻ പല നിർദേശങ്ങളും ഉയർന്നിട്ടുണ്ട്‌. വ്യക്തിഗത നിശ്ചിതകാല ലൈഫ്‌ ഇൻഷുറൻസ്‌ പോളിസികളെ ജിഎസ്‌ടിയിൽനിന്ന്‌ ഒഴിവാക്കാൻ ആലോചിക്കുന്നുണ്ട്‌.

ഇതുവഴി സർക്കാർ വരുമാനത്തിൽ 213 കോടി രൂപ കുറയും. ആരോഗ്യ ഇൻഷുറൻസ്‌ പോളിസികളെ നികുതിയിൽനിന്ന്‌ ഒഴിവാക്കിയാൽ 3,500 കോടി രൂപയുടെ നേട്ടം ഇടപാടുകാർക്ക്‌ ലഭിക്കും. അഞ്ച്‌ ലക്ഷം രൂപയുടെ വരെ പരിരക്ഷ ലഭിക്കുന്ന പോളിസികളെയും മുതിർന്ന പൗരന്മാരുടെ പോളിസികളെയും ജിഎസ്‌ടിയിൽനിന്ന്‌ ഒഴിവാക്കിയാൽ 2,100 കോടി രൂപയുടെ വരുമാനക്കുറവ്‌ സർക്കാരിനുണ്ടാകും. മുതിർന്ന പൗരന്മാർക്ക്‌ മാത്രം ഇളവ്‌ നൽകിയാൽ 650 കോടി രൂപയുടെ വരുമാനക്കുറവുമുണ്ടാകും.

എല്ലാ ഹെൽത്ത്‌ ഇൻഷുറൻസ്‌ പോളിസികളുടെയും നികുതി അഞ്ച്‌ ശതമാനമായി കുറയ്‌ക്കാനും ആലോചനയുണ്ട്‌. ഇങ്ങനെ ചെയ്‌താൽ 1,750 കോടി രൂപയുടെ വരുമാനക്കുറവാണ്‌ പ്രതീക്ഷിക്കുന്നത്‌. ഇൻഷുറൻസ്‌  പോളിസികളുടെ നികുതി കുറയ്‌ക്കണമെന്ന ആവശ്യവും  ശക്തമാണ്‌.  ഈ ആവശ്യം ഉന്നയിച്ച്‌ ഗതാഗതമന്ത്രി നിതിൻ ഗഡ്‌ഗരി ധനമന്ത്രി നിർമല സീതാരാമന്‌ കത്ത്‌ നൽകി. ചിലയിനം കാൻസർ മരുന്നുകളുടെ നികുതി 12ൽനിന്ന്‌ അഞ്ച്‌ ശതമാനമായി കുറയ്‌ക്കാനുള്ള നിർദേശവും പരിഗണിക്കും. റിയൽ എസ്റ്റേറ്റ്‌ മേഖല, ലോഹവ്യവസായം എന്നിവയെ ബാധിക്കുന്ന തീരുമാനങ്ങളുമുണ്ടായേക്കും.



deshabhimani section

Related News

View More
0 comments
Sort by

Home