കർഷക സമരവേദിയിലെത്തി വിനേഷ് ഫോഗട്ട്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 31, 2024, 01:44 PM | 0 min read

ന്യൂഡൽഹി > ശംഭു അതിർത്തിയിലെ കർഷകരുടെ സമരവേദിയിലെത്തി ഗുസ്തി താരം വിനേഷ് ഫോഗട്ട്. കർഷകരുടെ സമരം ശനിയാഴ്ച 200 ദിവസം പിന്നിടുകയാണ്. കഴിഞ്ഞ 200 ദിവസമായി കർഷകർ തെരുവിൽ സമരമിരിക്കുന്നത് വേദനിപ്പിക്കുന്ന കാഴ്ചയാണെന്ന് വിനേഷ് ഫോഗട്ട് പറഞ്ഞു.

ഇവരെല്ലാവരും നമ്മുടെ രാജ്യത്തെ പൗരന്മാരാണ്. രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നത് കർഷകരാണ്. അവരില്ലെങ്കിൽ ഒന്നും നടക്കില്ല. അവർ ഭക്ഷണം തന്നില്ലെങ്കിൽ അത്‍ലറ്റുകൾക്ക് മത്സരിക്കാൻ കഴിയില്ല. ഇവരെ കേൾക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയാണ്. കർഷകർക്ക് നൽകിയ വാക്കുപാലിക്കാൻ കേന്ദ്രം തയാറാകണമെന്നും അവർ തെരുവിൽ ഇരുന്നാൽ രാജ്യത്തിന് പുരോഗതിയുണ്ടാകില്ലെന്നും വിനേഷ് പറഞ്ഞു. ഒരു കർഷക കുടുംബത്തിൽ ജനിച്ചത് തന്റെ ഭാഗ്യമാണെന്നും പോരാട്ടത്തിൽ കർഷകരോടൊപ്പം ഉണ്ടെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു.

ഡൽഹിയിലേക്കുള്ള മാർച്ച് അധികൃതർ തടഞ്ഞതിനെ തുടർന്ന് ഫെബ്രുവരി 13 മുതൽ കർഷകർ ശംഭു അതിർത്തിയിൽ നിലയുറപ്പിച്ചിരിക്കുകയാണ്. എല്ലാ വിളകൾക്കും മിനിമം താങ്ങുവില ഉറപ്പാകാകൻ നിയമപരമായ ഗ്യാരന്റി നൽകണമെന്നാണ് സമരക്കാരുടെ ആവശ്യം. പ്രതിഷേധം സമാധാനപരവും ശക്തവുമാണെന്ന് കർഷക നേതാവ് സർവാൻ സിങ് പന്ദർ പറഞ്ഞു. കേന്ദ്രം തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ ഇതുവരെ തയ്യാറായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 



deshabhimani section

Related News

View More
0 comments
Sort by

Home