ജോലിസമയം ദിവസം 14 മണിക്കൂര്‍; തൊഴിലാളി ചൂഷണത്തിന് കർണാടക സർക്കാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 21, 2024, 01:11 PM | 0 min read

ബം​ഗളൂരു > ഐടി ജീവനക്കാരുടെ തൊഴില്‍സമയം പ്രതിദിനം 14 മണിക്കൂര്‍ വരെയാക്കി ഉയർത്താൻ കർണാടക സർക്കാരിന്റെ നീക്കം. കർണാടക ഷോപ്പ്‌സ് ആൻ്റ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെൻ്റ് ആക്‌ട് ഭേദഗതി ചെയ്ത് 14 മണിക്കൂർ ആക്കണമെന്ന ആവശ്യവുമായി ഐടി കമ്പനികള്‍ കര്‍ണാടക സര്‍ക്കാരിനെ സമീപിച്ചു. ഇതുമായി ബന്ധപ്പെട്ട് തൊഴിൽവകുപ്പ് വ്യവസായമേഘലയിലെ പ്രതിനിധികളുമായി ചേർന്ന് യോ​ഗം ചേർന്നു. തൊഴിൽ മന്ത്രി ശ്രീ സന്തോഷ് എസ് ലാഡ്, തൊഴിൽ വകുപ്പിലെയും ഐടി-ബിടി മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

എന്നാൽ നീക്കത്തിനെതിരെ കർണാടക സ്റ്റേറ്റ് ഐടി/ഐടിഇഎസ് എംപ്ലോയീസ് യൂണിയൻ (കെഐടിയു) രം​ഗത്തെത്തി. ഐടി മേഖലയിലെ ജീവനക്കാരെ പ്രതിനിധീകരിച്ച് കെഐടിയു ജനറൽ സെക്രട്ടറി സഖാവ് സുഹാസ് അഡിഗ, പ്രസിഡൻ്റ് വിജെകെ, സെക്രട്ടറി സൂരജ് നിടിയംഗ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.

വ്യക്തിജീവിതം നയിക്കാനുള്ള തൊഴിലാളിയുടെ അടിസ്ഥാന അവകാശത്തിന്മേലുള്ള ആക്രമണമാണിതെന്ന് കെഐടിയു പ്രതിനിധികൾ പറഞ്ഞു. അന്തിമതീരുമാനമെടുക്കുന്നതിന് മുമ്പ് ഒരു റൗണ്ട് കൂടി ചർച്ച നടത്താമെന്ന് തൊഴിൽമന്ത്രി സമ്മതിച്ചു.

നിർദിഷ്ട ബിൽ പ്രാബല്യത്തിൽ വരികയാണെങ്കിൽ കമ്പനികൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് സമയം കൂട്ടാൻ സാധിക്കും. നിലവിൽ അധികസമയമുൾപ്പെടെ 10 മണിക്കൂർ ജോലി മാത്രമേ നൽകാനാവൂ. ഇതിനാണ് മാറ്റം വരുത്താൻ ശ്രമിക്കുന്നത്. ഭേ​ദ​ഗതി വരുത്തിക്കഴിഞ്ഞാൽ എത്ര വേണമെങ്കിലും അധികസമയം കൊടുക്കാമെന്ന അവസ്ഥയുണ്ടാകും.

കൂടാതെ കമ്പനികൾക്ക് നിലവിലുള്ള മൂന്ന് ഷിഫ്റ്റ് ജോലി എന്നതിൽ നിന്ന് മാറി രണ്ട് ഷിഫ്റ്റ് ജോലിയിലേക്ക് മാറാനാകും. ഇതോടെ പലർക്കും തൊഴിലും നഷ്ടപ്പെടും. കോർപ്പറേറ്റുകളെ തൃപ്തിപ്പെടുത്താനുള്ള വ്യ​ഗ്രതയിൽ കർണാടക സർക്കാർ തൊഴിലാളികളെ മറക്കുന്നുവെന്നാണ് കെഐടിയു ആരോപിക്കുന്നത്.

വ്യക്തിപരവും സാമൂഹികവുമായ ജീവിതം നയിക്കാനുള്ള തൊഴിലാളികളുടെ അവകാശങ്ങളെ അവ​​ഗണിച്ച് കോർപ്പറേറ്റുകൾക്ക് ലാഭം കൊയ്യാനുള്ള അവസരമുണ്ടാക്കി കൊടുക്കുകയാണ് കർണാടക സർക്കാർ. ഇവരെ മനുഷ്യരായി കണക്കാക്കാൻ കർണാടക സർക്കാർ തയ്യാറാവുന്നില്ല. ജോലി സമയം വർധിപ്പിക്കുന്നത് ഉൽപ്പാദനക്ഷമതയെ പ്രതികൂലമായി ബാധിക്കുന്നു എന്ന വസ്തുത ലോകം അംഗീകരിക്കാൻ തുടങ്ങുന്ന കാലഘട്ടത്തിലാണ് ഈ ഭേദഗതി വരുന്നത്. കെഐടിയു പറയുന്നു.

അധികസമയം മൂലം ജീവനക്കാർക്കിടയിൽ ആരോ​ഗ്യപ്രശ്നങ്ങളുണ്ടാകുമെന്നും യോ​ഗത്തിൽ കെഐടിയു ചൂണ്ടിക്കാട്ടി. കെസിസിഐയുടെ റിപ്പോർട്ട് അനുസരിച്ച്, ഐടി മേഖലയിലെ 45 ശതമാനം ജീവനക്കാർ വിഷാദം പോലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങളും 55 ശതമാനം ശാരീരിക ആരോഗ്യ പ്രശ്‌നങ്ങളും നേരിടുന്നു. ജോലി സമയം കൂട്ടിയാൽ ഈ സ്ഥിതി കൂടുതൽ വഷളാക്കുമെന്ന് കെഐടിയു പറഞ്ഞു.

അധികസമയം ജോലി ചെയ്യുന്നത് മൂലം പക്ഷാഘാത മരണത്തിൻ്റെ അപകടസാധ്യത 35 ശതമാനവും ഇസ്കെമിക് ഹൃദ്രോഗം മൂലം മരിക്കാനുള്ള സാധ്യത 17 ശതമാനവും ഉയരുമെന്നാണ് ഡബ്ല്യുഎച്ച്ഒ-ഐഎൽഒ പഠനം പറയുന്നത്.

കർണാടക സർക്കാരിന്റെ നീക്കത്തിനെതിരെ വലിയ വിമർശനങ്ങളാണ് വ്യാപകമായി ഉയരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home