എയർ ഇന്ത്യ വിമാനത്തിൽ ക്രൂ അംഗങ്ങൾ ഉൾപ്പെടെ 11 പേർക്ക് ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷബാധയെന്ന് സംശയം

മുംബൈ: ലണ്ടനിൽ നിന്ന് മുംബൈയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ ജീവനക്കാരുൾപ്പെടെ ഉൾപ്പെടെ നിരവധി പേർക്ക് ദേഹാസ്വാസ്ഥ്യം. ഭക്ഷ്യവിഷബാധയാണെന്നാണ് സംശയം. ആറ് ക്രൂ അംഗങ്ങൾ ഉൾപ്പെടെ 11 പേർക്ക് തലകറക്കവും ഓക്കാനവും അനുഭവപ്പെട്ടതായാണ് വിവരം. സംഭവം സ്ഥിരീകരിച്ചെങ്കിലും അഞ്ച് യാത്രക്കാരും രണ്ട് ക്രൂ അംഗങ്ങളും മാത്രമാണ് രോഗബാധിതരായതെന്ന് എയർ ഇന്ത്യ അറിയിച്ചു.
എയർ ഇന്ത്യയുടെ AI-130 ബോയിംഗ് 777 വിമാനത്തിലാണ് യാത്രക്കാർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. എന്നാൽ രോഗകാരണം വ്യക്തമായിട്ടില്ല. ഓക്സിജൻ ലഭ്യത കുറയുന്നത് ഹൈപ്പോക്സിയയിലേക്ക് നയിച്ചേക്കാം. തുടർന്ന് ഓക്കാനം, തലകറക്കം എന്നിവയ്ക്ക് കാരണമാകും. ഭക്ഷ്യവിഷബാധയാണെങ്കിലും സമാന ലക്ഷണങ്ങൾ കാണാം.
വിമാനം മുംബൈയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തെന്ന് എയർ ഇന്ത്യ അറിയിച്ചു. വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ മെഡിക്കൽ സംഘം ഉടനടി വൈദ്യസഹായം ഉറപ്പുവരുത്തി. വിമാനമിറങ്ങിയതിന് ശേഷം അസ്വസ്ഥത അനുഭവപ്പെട്ട രണ്ട് യാത്രക്കാരെയും രണ്ട് ക്യാബിൻ ക്രൂവിനെയും പരിശോധിച്ചു. എല്ലാവരെയും ഡിസ്ചാർജ് ചെയ്തതായാണ് റിപ്പോർട്ട്.
0 comments