ഒഡിഷയിൽ കോളറ ബാധിച്ച് 11 മരണം; 200 പേർ ചികിത്സയിൽ

ഭുവനേശ്വർ: ഒഡിഷയിൽ കോളറ ബാധിച്ച് 11 മരണം. ജാജ്പൂർ ജില്ലയിലാണ് കോളറ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. വയറിളക്കം ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന രണ്ട് പേർ കൂടി മരിച്ചു. എന്നാൽ ഇവരുടെ മരണം കോളറ ബാധയെതുടർന്ന് ആണോ എന്നത് വ്യക്തമല്ല. 200 പേർ വയറിളക്കത്തെതുടർന്ന് ഇപ്പോൾ ചികിത്സയിലുണ്ട്.
ജൂൺ 9 നാണ് പകർച്ചവ്യാധി ആദ്യം റിപ്പോർട്ട് ചെയ്തത്. അന്ന് ഏഴ് പേർ മരിച്ചതായി അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ (എഡിഎംഒ) പ്രകാശ് ചന്ദ്ര ബാൽ പറഞ്ഞു. ജില്ലയിൽ 1,500-ലധികം പേർക്ക് വയറിളക്കത്തെ തുടര്‍ന്ന് ചികിത്സ തേടി. അതിൽ 1,300 പേർ സുഖം പ്രാപിച്ചുവെന്ന് അധികൃതർ അറിയിച്ചു. "സ്ഥിതിഗതികൾ ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ല. പുതിയ രോഗികൾ ആശുപത്രിയിൽ ചികിത്സ തേടിയിട്ടില്ലെങ്കിൽ രോഗ വ്യാപനം നിയന്ത്രിക്കാൻ കഴിയും"-പൊതുജനാരോഗ്യ ഡയറക്ടർ നീലകണ്ഠ മിശ്ര പറഞ്ഞു.
വയറിളക്കത്തെ തുടർന്ന് ചികിത്സ തേടിയവരിൽ 11 പേർക്കാണ് കോളറ സ്ഥിരീകരിച്ചത്. നിലവിൽ ചികിത്സയിൽ കഴിയുന്ന 200 ഓളം പേരിൽ 21 പേരുടെ സാമ്പിളുകൾ കോളറ പരിശോധനയ്ക്കായി അയച്ചു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി 14 അംഗ കേന്ദ്ര സംഘം ജില്ലയിലെത്തിയതായി ആരോഗ്യമന്ത്രി മുകേഷ് മഹാലിംഗ് പറഞ്ഞു.
"ജാജ്പൂരിൽ കോളറ സ്ഥിരീകരിച്ചത് ആശങ്ക ഉയർത്തിയിട്ടുണ്ട്. കട്ടക്കിലെ എസ്‌സിബി മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്നുള്ള ഒരു സംഘത്തെ ജില്ലയിൽ വിന്യസിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ഞങ്ങൾ ശ്രമിക്കുകയാണ്" - ഒഡിഷ ആരോഗ്യമന്ത്രി അറിയിച്ചു.
ഗ്രാമീണ ജലവിതരണ, ശുചിത്വ (ആർഡബ്ല്യുഎസ്എസ്) സംഘങ്ങൾ ജില്ലയിലെ കുടിവെള്ള സ്രോതസുകൾ അണുവിമുക്തമാക്കുന്നുണ്ട്. സ്ഥിതി നിയന്ത്രണവിധേയമാക്കാൻ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും രോഗ നിരീക്ഷണ സംഘങ്ങളും വ്യാപക പരിശോധനകൾ നടത്തുകയാണ്.
ഹാലജൻ ഗുളികകളും ഒആർഎസ് പാക്കറ്റുകളും വിതരണം ചെയ്യാൻ ആശ, അങ്കൻവാടി ജീവനക്കാരെയും ആരോഗ്യ പ്രവർത്തകരെയും ചുമതലപ്പെടുത്തി. പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും, ശുചിത്വ രീതികൾ പാലിക്കാനും ജനങ്ങൾക്ക് നിർദ്ദേശം നൽകി.
കട്ടക്ക് ജില്ലയിലെ ചില ഭാഗങ്ങളിലും പുരി ജില്ലയിലെ അസ്തരംഗ പ്രദേശത്തും വയറിളക്കത്തെ തുടർന്ന് ചിലർ ചികിത്സ തേടിയിട്ടുള്ളതായാണ് വിവരം. കട്ടക്കിലെ ഘോലാപൂരിൽ 30 ലധികം പേർക്കും പുരിയിലെ അസ്തരംഗയിൽ 20 പേർക്കും വയറിളക്കം ബാധിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ആ പ്രദേശങ്ങളിലേക്ക് മെഡിക്കൽ സംഘങ്ങളെ അയച്ചിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
0 comments