print edition വൈഷ്‌ണോദേവിയിലും കാണിക്കത്തട്ടിപ്പ്: 550 കോടിയുടെ വെള്ളി കൊള്ളയടിച്ചു

സ്വന്തം ലേഖകന്‍
Published on Jul 15, 2026, 12:00 AM | 1 min read
ന്യൂഡൽഹി: അയോധ്യയിലെയും ബദരിനാഥിലെയും കൊള്ളയ്‌ക്ക് പിന്നാലെ ജമ്മുകശ്‌മീരിലെ കട്‌റയിലെ മാതാ വൈഷ്‌ണോദേവി ക്ഷേത്രത്തിലും കോടികളുടെ കാണിക്കത്തട്ടിപ്പും പുറത്ത്. വിശ്വാസികൾ നൽകിയ 550 കോടി മൂല്യമുള്ള വെള്ളി ആഭരണങ്ങൾ കൊള്ളയടിച്ച് കാഡ്മിയവും ഇരുമ്പും ഉൾപ്പെടെയുള്ളവ ചേർത്ത ലോഹങ്ങൾ പകരംവച്ചുവെന്നാണ് പരാതി. 20 ടൺ വെള്ളി ഉരുക്കി പുനരുപയോഗിക്കാൻ അയച്ചപ്പോൾ ഇതിൽ 95 ശതമാനവും വ്യാജമെന്ന് തെളിഞ്ഞു. കൊള്ളയിൽ ഗൂഢാലോചന നടന്നെന്നും ഔദ്യോഗിക രേഖകളിലുൾപ്പെടെ കൃത്രിമത്വം നടത്തിയെന്നും ആക്ഷേപമുണ്ട്.
വെള്ളി ആഭരണങ്ങൾ തട്ടിയെടുത്തതിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ദീപക് ശർമ സമർപ്പിച്ച അപേക്ഷ ഹൈക്കോടതി പരിഗണിച്ചു. രേഖകൾ സഹിതം ജൂലൈ 29ന് നേരിട്ട് ഹാജരാകാൻ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനോട് ജമ്മു ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. സമാന ആവശ്യമുന്നയിച്ച് ദീപക് ശർമ മെയ് ഒമ്പതിന് ക്രൈംബ്രാഞ്ച് ഐജിക്ക് പരാതി നൽകിയിരുന്നു. എഫ്‌ഐആർ ഇടണമെന്നും സിസിടിവി ഉൾപ്പെടെ എല്ലാ രേഖകളും തെളിവുകളും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ച് നടപടി എടുക്കാത്തതിനെത്തുടർന്നാണ് കോടതിയെ സമീപിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ലക്ഷക്കണക്കിന് വിശ്വാസികളാണ് കാണിക്കയായി വെള്ളി സമർപ്പിച്ചത്. ഇത്രയും അധികം ആളുകൾ വ്യാജ വെള്ളി എങ്ങനെ നൽകുമെന്ന് ഹർജിക്കാരൻ കോടതിയിൽ ചോദിച്ചു. ജമ്മു കശ്മീര്‍ ഗവര്‍ണറുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളതാണ് ക്ഷേത്രഭരണ ബോര്‍ഡ്.










0 comments