ഡൽഹിയിൽ സ്പൈസ് ജെറ്റ് വിമാനത്തിൽ ടെയിൽ പൈപ്പ് തീപിടിത്തം

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ സ്പൈസ് ജെറ്റ് വിമാനത്തിൽ ടെയിൽ പൈപ്പ് തീപിടിത്തമുണ്ടായതായി റിപ്പോർട്ട്. കാഠ്മണ്ഡുവിലേക്ക് പോകുന്ന വിമാനത്തിലാണ് തീപിടിത്തമുണ്ടായതായി സംശയിക്കുന്നത്. തുടർന്ന് വിമാനം ബേയിലേക്ക് തിരിച്ചുപറന്നു.
ഡൽഹിയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് സർവീസ് നടത്താനിരുന്ന എസ്ജി 041 എന്ന ഫ്ലൈറ്റ് ബോയിംഗ് 737-8 വിമാനത്തിലാണ് തീപിടിത്തമുണ്ടായത്. ഷെഡ്യൂൾ ചെയ്തിരുന്ന സമയത്തേക്കാൾ നാല് മണിക്കൂർ വൈകിയാണ് വിമാനം പുറപ്പെട്ടതെന്നാണ് വിവരം. പുലർച്ചെയായിരുന്നു വിമാനം സർവീസ് നടത്തേണ്ടിയിരുന്നത്. സ്പൈസ്ജെറ്റ് വിമാനത്തിന്റെ ടെയിൽപൈപ്പ് തീപിടുത്തം ഉണ്ടായതായി സംശയം റിപ്പോർട്ട് ചെയ്തതോടെ ബേയിലേക്ക് മടങ്ങുകയായിരുന്നു.
കോക്ക്പിറ്റിൽ മുന്നറിയിപ്പുകളോ സൂചനകളോ ലഭിച്ചില്ലെങ്കിലും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പൈലറ്റ് വിമാനം തിരിച്ചിറക്കുകയായിരുന്നു. വിമാനം വിശദമായ എൻജിനീയറിംഗ് പരിശോധനകൾക്ക് വിധേയമാക്കിയെന്നും അതിൽ തകരാർ കണ്ടെത്തിയില്ലെന്നും എയർലൈൻ അറിയിച്ചു. വിമാനത്തിൽ എത്ര യാത്രക്കാരുണ്ടായിരുന്നു എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
എൻജിൻ സ്റ്റാർട്ട് ചെയ്യുമ്പോഴോ ഷട്ട്ഡൗൺ ചെയ്യുമ്പോഴോ ഒരു വിമാനത്തിന്റെ ജെറ്റ് എഞ്ചിന്റെ ഹോട്ട് സെക്ഷനിൽ ആന്തരികമായുണ്ടാകുന്ന തീയാണ് ടെയിൽ പൈപ്പ് ഫയർ.










0 comments