print edition നീറ്റ് പ്രക്ഷോഭത്തിലെ പൊലീസ് വേട്ട; അന്വേഷണസമിതി പുനഃസംഘടിപ്പിക്കണം


സ്വന്തം ലേഖകൻ
Published on Aug 26, 2026, 12:24 AM | 1 min read
ന്യൂഡൽഹി: നീറ്റ് പ്രക്ഷോഭത്തിനിടെ പൊലീസ് നടത്തിയ അതിക്രമങ്ങൾ അന്വേഷിക്കാൻ സുപ്രീംകോടതി രൂപീകരിച്ച ഉന്നതതല അന്വേഷണസമിതി പുനഃസംഘടിപ്പിക്കണമെന്നും ആഭ്യന്തരമന്ത്രി അമിത് ഷായുടെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യം. കോടതി രൂപീകരിച്ച സമിതി അംഗങ്ങൾക്ക് അമിത് ഷായുമായി ബന്ധമുണ്ടെന്നു ഹർജിക്കാർ പ്രത്യേക അപേക്ഷയിൽ പറഞ്ഞു.
റിട്ട. സുപ്രീംകോടതി ജഡ്‌ജി ആർ സുഭാഷ് റെഡ്ഡിക്ക് പകരം മുൻ ചീഫ് ജസ്റ്റിസുമാരായ യു യു ലളിത്, സഞ്ജീവ് ഖന്ന, ബി ആർ ഗവായ് എന്നിവരിൽ ആരെയെങ്കിലും അധ്യക്ഷനാക്കണം. പെൺകുട്ടികൾക്കെതിരെ നടന്ന അതിക്രമങ്ങൾ പ്രാധാന്യത്തോടെ അന്വേഷിക്കേണ്ടതിനാൽ ഡിജിപി റാങ്കിൽ വിരമിച്ച വനിതയെ ഉൾപ്പെടുത്തണം. ആഭ്യന്തര മന്ത്രാലയം, ഡൽഹി പൊലീസ്, ആർഎഎഫ് ഉന്നതർക്കെതിരെ അന്വേഷണം വേണമെന്നും പ്രധാന ഹർജിക്കാരാനായ ശൈലേന്ദ്ര മണി ത്രിപാഠി ആവശ്യപ്പെട്ടു.
മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ അപേക്ഷ ചൊവ്വാഴ്‌ച ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ചിൽ പരാമർശിച്ചു. മറ്റ് ഹർജിക്കാർ പിന്തുണച്ചു. ലഭ്യമായതിൽ മികച്ചവരെ വച്ചാണ് സമിതിയുണ്ടാക്കിയതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ആര് അന്വേഷിച്ചാലും കോടതിയുടെ നേരിട്ടുള്ള മേൽനോട്ടമുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി. ആഭ്യന്തരമന്ത്രിയുമായി അംഗങ്ങളിൽ പലർക്കും ബന്ധമുണ്ടെന്നും ഇത് സമിതിയുടെ നിക്ഷ്‌പക്ഷത സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്നുവെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, അപേക്ഷ രാഷ്‌ട്രീയ പ്രേരിതമാണെന്നും അനാവശ്യമാണെന്നുമാണ് വാദിച്ചത്. ചില ജഡ്‌ജിമാരെ ഹർജിക്കാർ നിർദേശിച്ചെന്ന് മേത്ത പറഞ്ഞപ്പോൾ അവരുടെ പേരുകൾ കോടതിയിൽ പരാമർശിക്കരുതെന്ന് ചീഫ് ജസ്റ്റിസ് മേത്തയെ വിലക്കി.










0 comments