Deshabhimani

print edition വെറും കടലാസ്‌ പുലി; 8851 കേസ്‌; ശിക്ഷ 56ൽ മാത്രം

enforcement directorate
avatar
എം അഖിൽ

Published on Sep 09, 2026, 11:48 PM | 2 min read

ന്യൂഡൽഹി: ​സംഘപരിവാറിനെ ശക്തമായി എതിർക്കുന്ന പ്രതിപക്ഷനേതാക്കളെ വേട്ടയാടുക മാത്രമാണ്‌ ഇഡി ലക്ഷ്യം. അതുകൊണ്ടു തന്നെ ശിക്ഷ ഉറപ്പാക്കൽ ഇ‍ൗ അന്വേഷണ ഏജൻസിയെ സംബന്ധിച്ച്‌ പ്രസക്തമല്ല. ദുരാരോപണങ്ങളെ അടിസ്ഥാനമാക്കി രജിസ്‌റ്റർ ചെയ്യുന്നതിനാൽ കോടതിയിൽനിന്ന്‌ എത്രവട്ടം തിരിച്ചടിയേറ്റാലും നിർലജ്ജം അടുത്ത കേസുമായി ഇതേ വ്യായാമം ആവർത്തിക്കും. ഒടുവിലത്തെ കണക്കുപ്രകാരം ഇതുവരെ മൊത്തം 8,851 ഇസിഐആർ (പ്രാഥമിക അന്വേഷണ റിപ്പോർട്ട്) റജിസ്റ്റർചെയ്‌ത്‌ അന്വേഷിച്ച ഇഡിക്ക്‌ ശിക്ഷ ഉറപ്പാക്കാനായത്‌ 56 കേസിൽ മാത്രം. ആകെ ഇസിഐആറുകളുമായി താരതമ്യപ്പെടുത്തിയാൽ ശിക്ഷയിലെത്തിയ കേസുകൾ 0.63 ശതമാനം മാത്രം.


ഓരോവർഷവും രജിസ്റ്റർ ചെയ്യുന്നത് നൂറുകണക്കിന്‌ കേസുകൾ. അവ വിചാരണവരെ എത്തിക്കാനോ തുടങ്ങിയ വിചാരണകൾ വേഗം പൂർത്തിയാക്കാനോ ശക്തമായ തെളിവുകൾ ഹാജരാക്കാനോ കഴിയാറില്ല. ഫലം കോടതിയിൽ തോറ്റന്പും, പരിഹാസ്യരാകും. 2026 മാർച്ച്‌ 31വരെ 2,396 പ്രോസിക്യൂഷൻ പരാതികൾ സമർപ്പിച്ചു. കുറ്റംചുമത്താനായത്‌ 466 കേസിൽ. അതിൽതന്നെ വിചാരണ പൂർത്തിയാക്കിയത്‌ 60ൽ മാത്രം. കാര്യക്ഷമമായ അന്വേഷണമോ വിചാരണയോ ശിക്ഷ ഉറപ്പാക്കലോ ഇല്ലെങ്കിലും ഓരോ വർഷവും കേസെടുത്ത്‌ കൂട്ടുകയാണ്‌. 2021–2022 മുതൽ 2025–2026 വരെ മൊത്തം 4,622 കേസുകൾ. 2025–2026ൽ മാത്രം 1080 കേസ്‌. ഇതേ അഞ്ചുവർഷക്കാലയളവിൽ 0.93 ശതമാനം മാത്രമാണ്‌ എൻഫോഴ്‌സ്‌മെന്റ്‌ ഏജൻസിയുടെ ശിക്ഷ ഉറപ്പാക്കൽ നിരക്കെന്ന്‌ കേന്ദ്ര ധന സഹമന്ത്രി പങ്കജ്‌ ച‍ൗധരി രാജ്യസഭയിൽ നൽകിയ മറുപടി വ്യക്തമാക്കുന്നു. 2014 മുതൽ 2022 വരെ കാലയളവിൽ രാജ്യത്ത്‌ 121 പ്രമുഖ രാഷ്‌ട്രീയ നേതാക്കളാണ്‌ ഇഡി നടപടി നേരിട്ടത്‌. ഇതിൽ 115പേർ (95 ശതമാനം) പ്രതിപക്ഷത്തുള്ളവർ. ഇഡി നടപടിയെ തുടർന്ന്‌ ബിജെപിയിൽ ചേർന്ന 23 നേതാക്കളുടെ പേരിലുള്ള കേസുകൾ തേച്ചുമായ്‌ച്ചുകളഞ്ഞു.


​കോടതിയിൽനിന്ന്‌ എപ്പോഴും ‘അടി’


​ഇഡിയുടെ രാഷ്‌ട്രീയപ്രേരിത നീക്കത്തിനെതിരെ സുപ്രീംകോടതി പലതവണ ഏജൻസിയെയും ഉദ്യോഗസ്ഥരെയും അതിരൂക്ഷമായി വിമർശിച്ചിട്ടുണ്ട്‌. 2025 മേയ്‌ മാസത്തിൽ ‘ഭരണഘടനയുടെ ഫെഡറൽഘടനയെ ലംഘിക്കുന്ന ഇഡി എല്ലാ പരിധികളും കടക്കുകയാണ്‌’ എന്ന്‌ സുപ്രീംകോടതി തുറന്നടിച്ചു. കേന്ദ്രഏജൻസി സംസ്ഥാന സർക്കാരുകളുടെ അധികാരങ്ങൾ കവർന്നെടുക്കുന്ന രീതിയിലുള്ള ‘തോന്ന്യവാസങ്ങൾ’ കാണിച്ചതാണ്‌ കോടതിയെ ചൊടിപ്പിച്ചത്‌. കസ്റ്റഡിയിലെടുത്ത വ്യക്തിയെ ഉറങ്ങാൻപോലും അനുവദിക്കാതെ പുലർച്ചെ 3.30 വരെ ചോദ്യംചെയ്‌ത ഉദ്യോഗസ്ഥരുടെ ക്രൂരതക്കെതിരെയും സുപ്രീംകോടതി 2024 ജൂണിൽ ആഞ്ഞടിച്ചു. കർണാടക മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി എം പാർവതിക്ക്‌ എതിരായ മുഡാ കേസിൽ ‘ഇഡിയെ എന്തിനാണ്‌ രാഷ്‌ട്രീയ ആയുധമാക്കുന്നത്‌’ എന്ന ശക്തമായ ചോദ്യവും സുപ്രീംകോടതി ചോദിച്ചു.


രാഷ്‌ട്രീയ യുദ്ധങ്ങൾ തെരഞ്ഞെടുപ്പുകളിലൂടെയാണ്‌ നടത്തേണ്ടതെന്നും അതിന്‌ ഏജൻസികളെ ആയുധമാക്കുന്നത്‌ എന്തിനാണെന്നും മുൻ ചീഫ്‌ജസ്റ്റിസ്‌ ബി ആർ ഗവായിയുടെ ബെഞ്ച്‌ കേന്ദ്രസർക്കാരിനോട്‌ ആരാഞ്ഞു. അരവിന്ദ്‌ കെജ്‌രിവാളിന്‌ എതിരായ മദ്യനയക്കേസ്‌ റദ്ദാക്കിയ പ്രത്യേകകോടതിയും ഇഡിയെ രൂക്ഷമായി വിമർശിച്ചിരുന്നു. കെജ്‌രിവാൾ, മനീഷ്‌ സിസോദിയ ഉൾപ്പടെ 23 പ്രതികൾക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ സ്ഥാപിക്കാൻപോലും സാധിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു. പ്രതികളെ കൂറുമാറ്റി സാക്ഷികളാക്കി അവരെക്കൊണ്ട്‌ കെജ്‌രിവാളിനും കൂട്ടർക്കും എതിരെ മൊഴി എഴുതിവാങ്ങിയ നടപടിയെ റ‍ൗസ്‌ അവന്യു കോടതിയിലെ പ്രത്യേക ജഡ്‌ജിയും വിമർശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home