അണപൊട്ടി പ്രതിഷേധം: പീപ്പിൾസ് മാർച്ച് തടഞ്ഞു; ഇടതുപക്ഷ നേതാക്കൾ ഉൾപ്പെടെ കസ്റ്റഡിയിൽ

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന ‘പീപ്പിൾസ് മാർച്ച്’| ഫോട്ടോ: പി വി സുജിത്
ന്യൂഡൽഹി: ജനാധിപത്യത്തെ കശാപ്പുചെയ്‌ത മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന ‘പീപ്പിൾസ് മാർച്ച്’ തടഞ്ഞ് പൊലീസ്. പീപ്പിൾ എഗെയ്‌ൻസ്റ്റ് എസ്‌ഐആർ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഡൽഹിയിൽ തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനമായ നിർവാചൻ സദൻ ഓഫീസിലേക്ക് നടത്തിയ മാർച്ചാണ് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞത്. തുടർന്ന് ഇടതുപക്ഷ നേതാക്കൾ ഉൾപ്പെടെയുള്ള പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് മാറ്റുകയായിരുന്നു.
‘ജനാധിപത്യം വീണ്ടെടുക്കാൻ ജനകീയ പ്രതിഷേധം’ എന്ന മുദ്രാവാക്യമുയർത്തി നടത്തിയ സമരത്തെയും മുമ്പ് ഡൽഹിയിൽ നടത്തിയ സമാധാന സമരങ്ങളെ നേരിട്ട രീതിയിൽ തന്നെയാണ് പൊലീസ് നേരിട്ടത്. വിദ്യാർഥിനികളെ ഉൾപ്പെടെ റോഡിലൂടെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിൽ കയറ്റിയത്. പ്രകടനത്തെ നേരിടാൻ വലിയ പൊലീസ്, അർധസൈനിക വിന്യാസത്തെയാണ് കേന്ദ്രസർക്കാർ ഒരുക്കിയിരുന്നു.
ഇരുന്നൂറിലേറെ രാഷ്‌ട്രീയ–സാമൂഹ്യ–പൗരാവകാശ സംഘടനകളുടെ കൂട്ടായ്‌മയാണ് ‘പീപ്പിൾ എഗെൻസ്റ്റ് എസ്‌ഐആർ‘. ഇടതുപക്ഷ പാർടികളും സംഘടനകളും കൂട്ടായ്‌മയിൽ സജീവമാണ്. സമരത്തിൽ സംയുക്ത കിസാൻ മോർച്ച നേതൃത്വത്തിൽ കർഷകരും സിഐടിയു, എസ്‌എഫ്‌ഐ, സിജെപി ഉൾപ്പെടെ സംഘടനകളും സാമൂഹ്യ പ്രവർത്തകരും പങ്കെടുത്തു.








0 comments