ബാങ്കിലെത്തിയ വയോധികയെ സഹായിക്കാനെന്ന വ്യാജേന പരിചയപ്പട്ടു; അക്കൗണ്ടിൽനിന്ന് പണം തട്ടിയ യുവതി പിടിയിൽ

മുണ്ടക്കയം: ബാങ്കിലെത്തിയ വയോധികയെ സഹായിക്കാനെന്ന വ്യാജേന പരിചയപ്പെട്ട്, അക്കൗണ്ടിൽനിന്ന് പണം തട്ടിയ യുവതി പിടിയിൽ. ബാങ്കിലെത്തി വയോധികയിൽ നിന്നും ഫോമുകളിൽ ഒപ്പിടുവിച്ച് അക്കൗണ്ടിൽനിന്ന് 1.70 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കൂട്ടിക്കൽ ചപ്പാത്ത് സ്വദേശിനി ജ്യോതി കൃഷ്ണ (36)യെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്.
മുറികല്ലുംപുറം പ്ലാമൂട്ടിൽ ലത പുരുഷന്റെ ബാങ്ക് അക്കൗണ്ടിൽനിന്നാണ് 1,70,000 രൂപ നഷ്ടപ്പെട്ടത്. ടി ആർ ആൻഡ് ടി എസ്റ്റേറ്റിൽനിന്ന് വിരമിച്ച ലത, ജോലിയിൽനിന്ന് ലഭിച്ച ഗ്രാറ്റുവിറ്റി തുകയുടെ ചെക്ക് അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിനായി സെപ്റ്റംബർ 16ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിലെത്തിയിരുന്നു.
ഈ സമയത്താണ് ബാങ്കിലെ ഫോമുകൾ പൂരിപ്പിക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് ജ്യോതി കൃഷ്ണ ലതയുമായി പരിചയം സ്ഥാപിച്ചതെന്നാണ് പൊലീസ് പറയുന്നത്. സെപ്റ്റംബർ 17ന് ചെക്ക് മാറി തുക അക്കൗണ്ടിലെത്തിയതായി ബാങ്കിൽനിന്ന് ലതയ്ക്ക് അറിയിപ്പ് ലഭിച്ചു. അന്നുതന്നെ ജ്യോതി കൃഷ്ണ ഫോണിൽ വിളിച്ച് വിവരങ്ങൾ തിരക്കുകയും സഹായിക്കാനെന്ന പേരിൽ വീണ്ടും ബാങ്കിലെത്തുകയും ചെയ്തു.
പാസ്ബുക്കിൽ തുക രേഖപ്പെടുത്തിയശേഷം മറ്റു ചില ഫോമുകളിൽ കൂടി ഒപ്പിടാൻ ജ്യോതി കൃഷ്ണ ആവശ്യപ്പെട്ടതായാണ് പരാതി. ഈ ഫോമുകളിൽ ഒപ്പിട്ടതിലൂടെ ലതയുടെ അക്കൗണ്ടിലുണ്ടായിരുന്ന 1.70 ലക്ഷം രൂപ ജ്യോതി കൃഷ്ണയുടെ അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെട്ട വിവരം മനസ്സിലാക്കിയ ലത സെപ്റ്റംബർ 26ന് മുണ്ടക്കയം പൊലീസിൽ പരാതി നൽകി. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ്, സംഭവത്തിനുശേഷം ഒളിവിൽ പോയ ജ്യോതി കൃഷ്ണയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ജാഗ്രത പാലിക്കുക
ബാങ്കിൽ അപരിചിതർ സഹായിക്കാനെത്തിയാൽ ജാഗ്രതയോടെ മാത്രം ഇടപെടുക. ഫോമുകളിൽ എന്താണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമായി മനസ്സിലാക്കിയശേഷം മാത്രം ഒപ്പിടുക. ബാങ്ക് ജീവനക്കാരുടെ സഹായം തേടുന്നതാണ് സുരക്ഷിതം.
ബാങ്കിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക!
1. അപരിചിതർ സഹായിക്കാനെത്തിയാൽ ജാഗ്രത പാലിക്കുക.
2. ഫോമിൽ എന്താണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് വായിച്ചുമനസ്സിലാക്കിയശേഷം മാത്രം ഒപ്പിടുക.
3. അറിയാത്ത രേഖകളിലോ ഒഴിഞ്ഞ ഫോമുകളിലോ ഒപ്പിടരുത്.
4. സംശയമുണ്ടെങ്കിൽ ബാങ്കിലെ ഔദ്യോഗിക ജീവനക്കാരുടെ സഹായം തേടുക.
5. അക്കൗണ്ടിലെ പണമിടപാടുകൾ പതിവായി പരിശോധിക്കുക.
ഒരു നിമിഷത്തെ അശ്രദ്ധ ജീവിതകാലത്തെ സമ്പാദ്യത്തിന് നഷ്ടമുണ്ടാക്കാം. ഈ മുന്നറിയിപ്പ് മറ്റുള്ളവരിലേക്കും എത്തിക്കൂ.








0 comments