ad
Deshabhimani

 ‘ഐ ല‍ൗ മുഹമ്മദ്‌ ക്യാന്പയിന്‍’ : ബറേലിയിൽ മുസ്ലിങ്ങളുടെ 
വീടുകൾ ഇടിച്ചുനിരത്തി

house muslim
വെബ് ഡെസ്ക്

Published on Oct 05, 2025, 12:15 AM | 1 min read

ലഖ്‌ന‍ൗ: ‘ഐ ല‍ൗ മുഹമ്മദ്‌’ ക്യാന്പയിന്റെ പേരിൽ അറസ്‌റ്റിലായ മുസ്ലിങ്ങളുടെ വീടുകളും കെട്ടിടങ്ങളും ഇടിച്ചുനിരത്തി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ. ഇത്തിഹാദ്‌–ഇ–മില്ലത്ത്‌ കൗൺസിൽ (ഐഎംസി) ദേശീയ ജനറൽ സെക്രട്ടറി നഫീസ്‌ ഖാന്റെ അടക്കം വീടുകളാണ്‌ ബുൾഡോസറുകൾകൊണ്ട്‌ തകർത്തത്‌.

നിയമവിരുദ്ധ നിർമാണമാണെന്ന പേരിലാണ്‌ സർക്കാർ നടപടി. ബറേലി ഡെവലപ്‌മെന്റ്‌ അതോറിറ്റിയാണ്‌ കെട്ടിടം ഇടിച്ചുപൊളിക്കുന്നത്‌. ഐഎംസി സ്ഥാപകനും അധ്യക്ഷനുമായ മ‍ൗലാന ത‍ൗഖീർ റാസയുമായി ബന്ധമുള്ളയാളുകളുടെ വീടുകളും തകർത്തിട്ടുണ്ട്‌. ഇരുവരും പൊലീസ്‌ കസ്റ്റഡിയിലാണ്‌. നഫീസ്‌ ഖാന്റെ മകൻ ഫർമാൻ ഖാനെയും പൊലീസ്‌ അറസ്റ്റ്‌ ചെയ്തിരുന്നു. ആകെ 81 പേരാണ്‌ അറസ്റ്റിലായത്‌.

കേസിൽ പ്രതിയായതിന്റെ പേരിൽ വീടുകൾ പൊളിക്കുന്ന ‘പ്രതികാര നടപടി’ പാടില്ലെന്ന്‌ സുപ്രീംകോടതി കർശന താക്കീത്‌ നൽകിയിരിക്കെയാണ്‌ ബിജെപി സർക്കാരിന്റെ നടപടി.

നബിദിനത്തിൽ കാൺപുരിൽ ‘ഐ ല‍ൗ മുഹമ്മദ്‌’ ബാനർ ഉയർത്തിയതിനെതിരെ സംഘപരിവാർ സംഘടനകൾ പ്രശ്‌നമുണ്ടാക്കിയിരുന്നു. ബാനറുയർത്തിയ യുവാക്കൾക്കെതിരെ പൊലീസ്‌ കേസെടുക്കുകയും ചെയ്തു. ഇതിനെതിരെ നടന്ന പ്രതിഷേധങ്ങളെ അടിച്ചമർത്തുകയും ആളുകളെ അറസ്‌റ്റുചെയ്യുകയുമായിരുന്നു.

​പ്രതിപക്ഷ 
നേതാവിനെ തടഞ്ഞു

ബറേലിയിലേക്കെത്തിയ യുപിയിലെ പ്രതിപക്ഷ നേതാവും സമാജ്‌വാദി പാർടി നേതാവുമായ മാത പ്രസാദ്‌ പാണ്ഡെയെയും 16 അംഗ സംഘത്തെയും പൊലീസ്‌ തടഞ്ഞു. സന്ദർശനം ക്രമസമാധാനനില വഷളാക്കുമെന്ന്‌ പറഞ്ഞാണ്‌ ഇവരെ തടഞ്ഞത്‌. സമാജ്‌വാദി പാർടി പ്രവർത്തകരുടെ വീടിന്‌ ചുറ്റും സർക്കാർ പൊലീസിനെ വിന്യസിച്ചിരിക്കുകയാണെന്ന്‌ പാണ്ഡെ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home