ഹെഡ്ലൈറ്റ് പോയിട്ട് 15 ദിവസം; രാത്രിയിൽ മൊബൈൽ ടോർച്ച് വെളിച്ചത്തിൽ ബസ് ഓടിച്ച് ഡ്രൈവർ, സസ്പെൻഷൻ

മൊബൈൽ ടോർച്ച് വെളിച്ചത്തിൽ ബസ് ഓടിക്കുന്ന ഡ്രൈവർ
ബെംഗളൂരു: ഹെഡ്‌ലൈറ്റ് തകരാറിലായതിനെ തുടർന്ന് രാത്രിയിൽ മൊബൈൽ ഫോൺ ടോർച്ചിന്റെ വെളിച്ചത്തിൽ യാത്രക്കാരുമായി ബസ് ഓടിച്ച സംഭവത്തിൽ ഡ്രൈവർ ഉൾപ്പെടെ മൂന്ന് കെ കെ ആർ ടി സി ജീവനക്കാർക്ക് സസ്‌പെൻഷൻ. കല്യാണ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ കലബുറഗി-ചിൻചോലി റൂട്ടിലോടുന്ന ബസിലാണ് യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന രീതിയിൽ സർവീസ് നടത്തിയത്.
സംഭവത്തിൽ ബസ് ഡ്രൈവർ ആകാശ്, ഡിപ്പോയിലെ മെക്കാനിക്കൽ സൂപ്പർവൈസർ ബസവരാജ്, സാങ്കേതിക വിഭാഗം ജീവനക്കാരൻ ശിവാനന്ദ് എന്നിവരെയാണ് കോർപ്പറേഷൻ സസ്‌പെൻഡ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി കലബുറഗിയിൽ നിന്ന് ചിൻചോലിയിലേക്ക് പോവുകയായിരുന്ന ബസിന്റെ ഹെഡ്‌ലൈറ്റുകൾ പാതിവഴിയിൽ വെച്ച് പൂർണമായും അണഞ്ഞുപോവുകയായിരുന്നു.
തുടർന്ന് ബസ് ജീവനക്കാർ സർവീസ് നിർത്തിവെക്കാൻ തയ്യാറായില്ല. പകരം, കണ്ടക്ടർ തന്റെ മൊബൈൽ ഫോണിലെ ടോർച്ച് ഓണാക്കി മുൻവശത്തെ വിൻഡ്ഷീൽഡിലൂടെ പുറത്തേക്ക് വെളിച്ചം കാണിക്കുകയും, ഈ വെളിച്ചത്തിൽ ഡ്രൈവർ ബസ് മുന്നോട്ട് എടുക്കുകയുമായിരുന്നു.
ഇരുട്ടിലൂടെ ബസ് മൊബൈൽ ടോർച്ചിന്റെ ചെറിയ വെളിച്ചത്തിൽ കിലോമീറ്ററുകളോളം സഞ്ചരിക്കുന്നതിന്റെ വീഡിയോ യാത്രക്കാരിൽ ആരോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇത് വ്യാപകമായ പ്രതിഷേധത്തിന് വഴിവെച്ചതോടെയാണ് അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടത്.
വകുപ്പുതല അന്വേഷണത്തിൽ ഈ ബസിന്റെ ഹെഡ്‌ലൈറ്റുകൾ കഴിഞ്ഞ 15 ദിവസമായി കൃത്യമായി പ്രവർത്തിക്കുന്നുണ്ടായിരുന്നില്ലെന്ന് കണ്ടെത്തി. സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടിട്ടും അത് പരിഹരിക്കാതിരുന്നതിനാണ് ഡിപ്പോയിലെ മെക്കാനിക്കൽ ജീവനക്കാർക്കെതിരെയും നടപടിയെടുത്തത്. യാത്രക്കാരുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്തതിനാണ് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തതെന്ന് കെ കെ ആർ ടി സി മാനേജിംഗ് ഡയറക്ടർ രാധാകൃഷ്ണ ബി വ്യക്തമാക്കി.











0 comments