നോയിഡയിലെ ലേബർ ക്യാമ്പിൽ മനുഷ്യാവകാശ ലംഘനം; കുട്ടികളടക്കം തടങ്കലിൽ, മനുഷ്യാവകാശ കമീഷനിൽ പരാതി

AI പ്രതീകാത്മക ചിത്രം / Gemini
നോയിഡ: ഉത്തർപ്രദേശ് പൊലീസിന്റെ ഒത്താശയോടെ നോയിഡയിൽ ഇതരസംസ്ഥാന തൊഴിലാളികൾക്കും പ്രായപൂർത്തിയാകാത്ത കുട്ടികൾക്കുമെതിരെ നടക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പരാതി. സുപ്രീം കോടതി അഭിഭാഷകനും ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ അഡീഷണൽ സെക്രട്ടറിയുമായ അഡ്വ. കെ ആർ സുഭാഷ് ചന്ദ്രൻ ആണ് ദേശീയ മനുഷ്യാവകാശ കമീഷനും ദേശീയ ബാലാവകാശ കമീഷനും പരാതി നൽകിയത്.
നോയിഡയിൽ കുട്ടികളടക്കമുള്ള പൗരന്മാരെ നിയമവിരുദ്ധമായി തടങ്കലിൽ വെച്ചിരിക്കുകയാണെന്നും ഭരണഘടനാപരമായ സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തുകയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പൗരത്വ അവകാശങ്ങളും തൊഴിൽ അവകാശങ്ങളും യുപി പൊലീസ് ക്രൂരമായി ലംഘിക്കുകയാണ്.
തൊഴിലാളികൾക്കും കുടിയേറ്റക്കാർക്കും എതിരെ നടക്കുന്ന അതിക്രമങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്ന ആവശ്യമാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. അനധികൃതമായി തടങ്കലിൽ വെച്ചിരിക്കുന്ന കുട്ടികളെയും മറ്റ് പൗരന്മാരെയും ഉടൻ മോചിപ്പിക്കണം, മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം പ്രഖ്യാപിക്കണം, പൊലീസിന്റെയും അധികൃതരുടെയും ക്രൂരതയ്ക്ക് ഇരയായവർക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണം, നിയമവാഴ്ച ലംഘിച്ച ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുകയും വേണം തുടങ്ങിയ ആവശ്യങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.
യുപിയിലെ തൊഴിൽ മേഖലയിൽ കുടിയേറ്റ തൊഴിലാളികൾ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയും ഭരണകൂട ഭീകരതയും അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് എത്തുന്ന സാഹചര്യത്തിലാണ് ഈ നിയമപോരാട്ടം. നോയിഡ സംഭവം രാജ്യത്തെ ജനാധിപത്യ മൂല്യങ്ങൾക്കും ഭരണഘടനാ ഉറപ്പുകൾക്കും നേരെയുള്ള വെല്ലുവിളിയാണെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടി. നോയിഡയിലെ ഈ മനുഷ്യത്വവിരുദ്ധ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് വിവിധ തൊഴിൽ സംഘടനകളുടെ ഭാഗത്തുനിന്നും ഉയരുന്നത്.











0 comments