കോട്ടയിൽ മാത്രം കുട്ടികൾ എങ്ങനെ മരിക്കുന്നു: രാജസ്ഥാൻ സർക്കാരിന് സുപ്രീംകോടതിയുടെ വിമർശനം

ന്യൂഡൽഹി : കോട്ടയിൽ വിദ്യാർഥി ആത്മഹത്യകൾ പെരുകുന്നത് അതീവ ഗുരുതര പ്രശ്‌നമാണെന്നും അവിടെ മാത്രം എങ്ങനെയാണ് കുട്ടികൾ മരിക്കുന്നതെന്നും രാജസ്ഥാൻ സർക്കാരിനോട് സുപ്രീംകോടതി. ജസ്റ്റിസുമാരായ ജെ ബി പർദിവാല, ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ച് അക്ഷരാർഥത്തിൽ സർക്കാരിനെ കുടഞ്ഞു. ഒരു സർക്കാർ എന്ന നിലയിൽ നിങ്ങൾ എന്ത് ചെയ്‌തു. കോട്ടയിൽ മാത്രം കുട്ടികൾ ആത്മഹത്യ ചെയ്യുന്നത് എന്തുകൊണ്ടാണ്. ഈ വർഷം ഇതുവരെ14 കുട്ടികൾ ആത്മഹത്യ ചെയ്‌തു. ഒരു സംസ്ഥാനം എന്ന നിലയിൽ നിങ്ങൾ ഇതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലേ. ഖരഗ്‌പുർ ഐഐടി പരീക്ഷാർഥിയായിരുന്ന പെൺകുട്ടി കോട്ടയിൽ മരിച്ച സംഭവത്തിൽ സമർപ്പിക്കപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യാൻ നാലുദിവസത്തെ കാലതാമസവും കോടതി ചോദ്യം ചെയ്‌തു. ആത്മഹത്യയെക്കുറിച്ച് അറിഞ്ഞയുൻ പൊലീസിനെ അറിയിച്ചിരുന്നു. നടപടി വൈകിച്ച ഉദ്യോഗസ്ഥനെതിരെ കോടതിയലക്ഷ്യം എന്തുകൊണ്ട് സ്വീകരിച്ചില്ല. മരണത്തിൽ അന്വേഷണം നടക്കുന്നതിനാൽ കൂടുതലൊന്നും പറയുന്നില്ല. എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യാതിരുന്ന പൊലീസ് ഉദ്യോഗസ്ഥനെയും കോടതി വെള്ളിയാഴ്‌ച വിളിച്ചുവരുത്തിയിരുന്നു. സ്ഥാപനം നൽകിയ മുറിയിലല്ല പകരം മാതാപിതാക്കൾക്കൊപ്പമാണ് പെൺകുട്ടി താമസിച്ചതെന്ന വാദം കോടതിയെ ചൊടിപ്പിച്ചു.
കേസ് എടുക്കാതെ കോടതിയുടെ വിധിയെ നിങ്ങൾ അവഹേളിക്കുകയാണെന്ന് കോപാകുലരായി ബെഞ്ച് പറഞ്ഞു. സംഭവം നടന്നാൽ ഉടനടി കേസ് എടുത്ത് അന്വേഷണം നടത്തുകയാണ് പൊലീസിന്റെ ജോലി. ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അതിൽ പരാജപ്പെട്ടു. ഞങ്ങൾ വിഷയം ഗൗരമായി എടുക്കുന്നു. അന്വേഷണം ഉടനടി പൂർത്തിയാക്കണം കോടതി നിർദേശിച്ചു. കോട്ടയിലേതടക്കം എല്ലാ ആത്മഹത്യകളും പ്രത്യേക അന്വേഷക സംഘം പരിശോധിക്കുകയാണെന്ന് രാജസ്ഥാന്റെ അഭിഭാഷകൻ ബെഞ്ചിനെ അറിയിച്ചു.











0 comments