ad
Deshabhimani

സെപ്ടിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ചു; അച്ഛനും മകനും ദാരുണാന്ത്യം

died

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Mar 25, 2026, 03:35 PM | 1 min read

കാൺപൂർ : സെപ്ടിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് അച്ഛനും മകനും മരിച്ചു. ബുധനാഴ്ച പുലർച്ചെ ഉത്തർപ്രദേശിലെ കല്യാൺപൂരിലായിരുന്നു അപകടം. ഗോവ ഗാർഡനിലെ റെസിഡൻഷ്യൽ അപ്പാർട്ട്മെന്റ് സമുച്ചയത്തിലാണ് സംഭവം. ജാവേദ് (45), മകൻ അഖിബ് (25), മരുമകൻ ഇർഫാൻ എന്നിവർ അർധരാത്രിയോടെയാണ് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനായി ഇറങ്ങിയത്.


ജാവേദും അഖിബും ടാങ്കിലേക്ക് കൂടുതൽ ആഴത്തിൽ ഇറങ്ങി വൃത്തിയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പുലർച്ചെ രണ്ട് മണിയോടെ രണ്ടാം റൗണ്ട് വൃത്തിയാക്കലിനിടെയാണ് ഇവർ വിഷവാതകം ശ്വസിച്ചത്. തലകറക്കം അനുഭവപ്പെട്ടതിനെത്തുടർന്ന് ഇർഫാൻ പുറത്തേക്ക് കയറി അടിയന്തര ഹെൽപ്പ് ലൈനിൽ വിളിച്ച് അധികൃതരെ അറിയിച്ചു.


പൊലീസും എസ്ഡിആർഎഫ് സംഘങ്ങളും സ്ഥലത്തെത്തി ഒരു മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ഇരുവരെയും പുറത്തെത്തിച്ചത്. മൂന്ന് പേരെയും ലാലാ ലജ്പത് റായ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ ജാവേദും അഖിബും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. ഇർഫാൻ ചികിത്സയിലാണ്. കേണൽഗഞ്ച് പ്രദേശത്താണ് ഇവർ താമസിച്ചിരുന്നത്.


കല്യാൺപൂർ എസിപി അശുതോഷ് കുമാർ, വെസ്റ്റ് ഡിസിപി എസ് എം ഖാസിം അബിദി എന്നിവരുൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ചു. വിഷവാതകം ശ്വസിച്ചാണ് മരണങ്ങൾ സംഭവിച്ചതെന്നാണ് പ്രാഥമിക നി​ഗമനമെന്നും സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും എസിപി പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയതായും പൊലീസ് കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home