പ്ലസ്ടു ഉത്തരക്കടലാസ് മാറി നൽകിയതിൽ വീഴ്ച സമ്മതിച്ച് സിബിഎസ്ഇ; പരാതിപ്പെട്ട വിദ്യാർത്ഥികൾക്കെതിരെ സംഘപരിവാർ സൈബറാക്രമണം

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണ്ണയത്തിലും നടത്തിപ്പിലും ഗുരുതര വീഴ്ചയുണ്ടായെന്ന പരാതികളിൽ ഒടുവിൽ കുറ്റസമ്മതവുമായി സിബിഎസ്ഇ അധികൃതർ.
പരീക്ഷാ ഫലത്തിന് പിന്നാലെ ഉത്തരക്കടലാസിന്റെ പകർപ്പിനായി അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് പരസ്പരം മാറി പകർപ്പുകൾ നൽകിയെന്നാണ് സിബിഎസ്ഇ സമ്മതിച്ചിരിക്കുന്നത്.
ഡൽഹി സ്വദേശിയായ വേദാന്ത്, മറ്റൊരു വിദ്യാർത്ഥിയായ സഞ്ജന എന്നിവർക്കാണ് ഈ ദുരനുഭവം ഉണ്ടായത്. സിബിഎസ്ഇ തെറ്റ് സമ്മതിച്ചതോടെ പരാതി ഉന്നയിച്ച വിദ്യാർത്ഥികൾക്ക് അവരുടെ യഥാർത്ഥ ഉത്തരക്കടലാസുകൾ അധികൃതർ കൈമാറി.
പ്ലസ്ടു പരീക്ഷയുടെ മൂല്യനിർണയത്തിൽ വ്യാപകമായ അപാകതകളുണ്ടെന്ന പരാതി ഉയർന്നതിനെ തുടർന്നാണ് ഉത്തരക്കടലാസ് ഡൗൺലോഡ് ചെയ്ത് പരിശോധിക്കാൻ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ അവസരം നൽകിയത്.
ഇതേതുടർന്ന് നിയമപ്രകാരം അപേക്ഷ നൽകിയ വേദാന്ത് എന്ന വിദ്യാർത്ഥിക്കാണ് സ്വന്തം റോൾ നമ്പറിന് പകരം മറ്റൊരാളുടെ കൈയക്ഷരത്തിലുള്ള ഉത്തരപേപ്പർ ലഭിച്ചത്.
കൈയക്ഷരത്തിലും ഉത്തരങ്ങളിലും ഉള്ള വ്യക്തമായ വ്യത്യാസങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ഉത്തരപേപ്പറിന്റെ ചിത്രങ്ങളുൾപ്പെടെ ദിവസങ്ങൾക്ക് മുമ്പ് വേദാന്ത് എക്‌സിൽ (ട്വിറ്റർ) പങ്കുവെച്ചിരുന്നു.
സ്വന്തം അവകാശത്തിന് വേണ്ടി ശബ്ദമുയർത്തിയ ഈ വിദ്യാർത്ഥിക്ക് നേരെ പിന്നീട് സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്നും വ്യാപകമായ സൈബർ ആക്രമണമാണ് ഉണ്ടായത്.
വേദാന്തിന്റേത് വ്യാജ പ്രൊഫൈൽ ആണെന്നും ഇയാൾ 'പാകിസ്താനി' ആണെന്നുമടക്കമുള്ള വർഗീയവും അധിക്ഷേപകരവുമായ പ്രചാരണങ്ങളാണ് സോഷ്യൽ മീഡിയയിലെ വലതുപക്ഷ ഹാൻഡിലുകൾ അഴിച്ചുവിട്ടത്.
എന്നാൽ, സംഘപരിവാറിന്റെ ഈ വ്യാജപ്രചാരണങ്ങളുടെ മുനയൊടിച്ചുകൊണ്ടാണ് ഇപ്പോൾ സിബിഎസ്ഇ ഔദ്യോഗികമായി തങ്ങൾക്ക് പറ്റിയ പിഴവ് സമ്മതിച്ചിരിക്കുന്നത്.
പരീക്ഷാ നടത്തിപ്പിലും ഡിജിറ്റൽ സംവിധാനങ്ങളിലും നിരന്തരം വീഴ്ച വരുത്തി ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയും ജീവിതവും പ്രതിസന്ധിയിലാക്കുന്ന സിബിഎസ്ഇയുടെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും അനാസ്ഥയ്ക്കെതിരെ രാജ്യവ്യാപകമായി ഇപ്പോൾ വിമർശനം ശക്തമാവുകയാണ്.










0 comments