'ബംഗാളിൽ വോട്ടവകാശം നിഷേധിക്കാൻ പരീക്ഷണം, മുഖ്യ തെര. കമീഷണർക്ക് പത്മഭൂഷൺ നൽകണം': കപിൽ സിബൽ

കപിൽ സിബൽ
ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ വോട്ടർമാരുടെ വോട്ടവകാശം നിഷേധിക്കാനുള്ള പരീക്ഷണങ്ങളാണ് തെരഞ്ഞെടുപ്പ് കമീഷൻ നടത്തുന്നതെന്ന് മുതിർന്ന അഭിഭാഷകനും രാജ്യസഭാംഗവുമായ കപിൽ സിബൽ. ഇക്കാര്യത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്നും അദ്ദേഹം പരിഹസിച്ചു. ഗ്യാനേഷ് കുമാർ രാജ്യത്തിന് തന്നെ നാണക്കേടാണ്. ബിജെപിയെ വിജയിപ്പിക്കാൻ കമീഷണർ ഒത്തുകളിക്കുന്നു എന്നും കപിൽ സിബൽ ആരോപിച്ചു.
വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ദുരുപയോഗം ചെയ്യുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. വോട്ടറും പിതാവും തമ്മിലുള്ള പ്രായവ്യത്യാസം 15 വയസിൽ താഴെയോ അല്ലെങ്കിൽ 50 വയസിൽ കൂടുതലോ ആണെന്ന് കാണിച്ച് വോട്ടർപട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യുന്നു. ഈ രീതി ബംഗാളിൽ മാത്രമാണ് നടപ്പിലാക്കുന്നതെന്നും മഹാരാഷ്ട്രയിലോ ഹരിയാനയിലോ ഇത് കണ്ടില്ല. ഇത്തരത്തിൽ ഒരു തെരഞ്ഞെടുപ്പ് എന്തിനാണ് നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.
ബംഗാളിൽ വൻതോതിൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചതിനെയും അദ്ദേഹം വിമർശിച്ചു. അഴിമതി, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങൾക്കൊപ്പം പൗരത്വം, തിരിച്ചറിയൽ രേഖകൾ, വോട്ടർപട്ടികയിലെ ക്രമക്കേടുകൾ എന്നിവയെച്ചൊല്ലിയുള്ള കടുത്ത രാഷ്ട്രീയ ധ്രുവീകരണത്തിനിടയിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 294 സീറ്റുകളിൽ 152 എണ്ണത്തിലാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. രണ്ടാം ഘട്ടം ഏപ്രിൽ 29-ന് നടക്കും. മെയ് 4നാണ് വോട്ടെണ്ണൽ.










0 comments