പ്രതിഷേധ കൊടുങ്കാറ്റിൽ ഏകാധിപത്യത്തിന്റെ കോട്ടകൊത്തളങ്ങൾ കടപുഴകും

എല്ലാ പ്രതിരോധവും ഭേദിച്ച് നാളെ അവർ ഡൽഹിയിലേക്കു കടന്നുവരും. ജനാധിപത്യത്തിനായും മനുഷ്യാവകാശത്തിനായുമുള്ള പോരാട്ടത്തിൽ പുതിയ ചരിത്രം തീർക്കും. നാടിനെ ഒറ്റുകൊടുക്കുന്നവരെ തുടച്ചുനീക്കാൻ രാജ്യം ഒറ്റക്കെട്ടായാണ് വരുന്നത്. ജനകീയ പ്രതിഷേധ കൊടുങ്കാറ്റിൽ ഏകാധിപത്യത്തിന്റെ കോട്ടകൊത്തളങ്ങൾ കടപുഴകും. വർഗീയതയെ താലോലിച്ച് എക്കാലവും രാജ്യത്തെ കാൽക്കീഴിലാക്കാമെന്ന സംഘപരിവാർ വ്യാമോഹത്തിനേൽക്കുന്ന ഏറ്റവും വലിയ തിരിച്ചടിയാകും ഒക്‌ടോബർ 10 പ്രക്ഷോഭം.
രാജ്യമെങ്ങുമുള്ള യുവജനങ്ങളും വിദ്യാർഥികളും ഡൽഹിയിലേക്ക് ഒഴുകുകയാണ്. വോട്ടർപ്പട്ടിക ക്രമക്കേടിലൂടെ ജനാധിപത്യത്തെ കശാപ്പ് ചെയ്‌ത മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌കുമാറിന്റെ രാജിയല്ലാതെ ഒരു വിട്ടുവീഴ്‌ചയുമില്ല. ആ ലക്ഷ്യം നേടുംവരെ അവർ സമരമുഖത്തായിരിക്കും. എസ്‌എഫ്‌ഐ, എഐഎസ്‌എഫ്, ഐസ, ഡിവൈഎഫ്‌ഐ, എഐവൈഎഫ്, സിജെപി തുടങ്ങിയ ഭാവി ഇന്ത്യയുടെ പ്രതീക്ഷയായ മുഴുവൻ യുവജന–വിദ്യാർഥി സംഘടനകളും നേതൃസ്ഥാനത്തുണ്ട്. സംയുക്ത കർഷക മോർചയും പങ്കാളികളാകുമെന്ന് അറിയിച്ചിട്ടുണ്ട്. മുന്പ് യുവതയും കർഷകക്കൂട്ടായ്‌മയും ഉയർത്തിയ സമരാവേശത്തിനു മുന്നിൽ മോദി സർക്കാർ അടിയറവ് പറഞ്ഞിട്ടുണ്ട്.
നീതി തേടിയുള്ള പ്രക്ഷോഭത്തിനു മുന്നിൽ വർഗീയക്കോമരങ്ങൾ ഭയന്നുവിറയ്‌ക്കുകയാണ്. അതിന്റെ പ്രതിഫലനമാണ് ശനിയാഴ്‌ചത്തെ പ്രക്ഷോഭത്തിലേക്ക് ആളെത്താതിരിക്കാൻ നടത്തുന്ന കുടിലനീക്കങ്ങൾ. അടിയന്തരാവസ്ഥയെ പോലും നാണിപ്പിക്കുന്ന ചെയ്‌തികളാണ് ഭരണകൂടം കാട്ടിക്കൂട്ടുന്നത്. രാജ്യതലസ്ഥാനം പൂർണമായി കൊട്ടിയടച്ചു, എല്ലാ റോഡിലും ബാരിക്കേഡ് വെച്ചു, ഡൽഹിയിലേക്കുള്ള എല്ലാ ട്രെയിനും റദ്ദാക്കി, ഇന്റർനെറ്റ്– മൊബൈൽ സേവനങ്ങൾ സ്‌തംഭിപ്പിച്ചു, പൊലീസിനെയും കേന്ദ്രസേനയേയും വിന്യസിച്ചു, വർഗീയ ക്രമിനലുകളെ കൊണ്ടിറക്കി. ഇതിനെല്ലാം പുറമെ സമരത്തിൽ പങ്കെടുക്കാൻ സാധ്യതയുള്ളവരെ കരുതൽ തടങ്കലിലാക്കി. ഇക്കൂട്ടത്തിൽ ഇടതുപക്ഷ നേതാക്കളും യുവജനങ്ങളും സ്‌ത്രീകളുമുണ്ട്. ഡൽഹിയിലേക്ക് പുറപ്പെട്ട പലരെയും പാതിവഴിയിൽ കസ്‌റ്റഡിയിലെടുത്തു.
രാജ്യതലസ്ഥാനം പൂർണമായി സ്‌തംഭിപ്പിച്ച് ജനജീവിതം ദുസ്സഹമാക്കിയതിനെതിരെ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി അടക്കമുള്ളവർ സുപ്രീംകോടതിയെ സമീപിച്ചു. കോടതിയിൽ നിന്ന് കേന്ദ്ര സർക്കാരിന് കണക്കിനു കിട്ടി. ജനകീയ പ്രതിഷേധം മൗലികാവകാശമാണെന്ന് കോടതി പറഞ്ഞു. ഗതാഗതസംവിധാനങ്ങൾ തടസ്സപ്പെടുത്തരുതെന്ന് ഉത്തരവിട്ടു.
കേന്ദ്ര സർക്കാരിനെതിരെ പ്രക്ഷോഭം ഉയർത്തിക്കൊണ്ടു വരുന്നതിൽ ഇടതുപക്ഷത്തെയാണ് മേദിയും കൂട്ടരും ഏറെ ഭയക്കുന്നത്. പ്രക്ഷോഭത്തിൽ ഇടതുപക്ഷത്തിന്റെ സുപ്രധാന പങ്ക് സംബന്ധിച്ച് കേന്ദ്ര ഇന്റലിജന്റ്‌സ് പുറത്തുവിട്ട കണക്ക് ഇൗ ഭയം സ്ഥിരീകരിക്കുന്നു. ഗ്യാനേഷിന്റെ വഴിവിട്ട ചെയ്‌തികൾക്കെതിരെ ആദ്യ മുദ്രാവാക്യം ഡൽഹിയിൽ ഉയർത്തിയതും ഇടതുപക്ഷമാണ്. എം എ ബേബിയും ബൃന്ദ കാരാട്ടും ഇടതുപക്ഷ എംപിമാരും കഴിഞ്ഞദിവസങ്ങളിലെ പോരാട്ടത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്നു. ഇതിനിടെ ക്രെഡിറ്റെടുക്കാൻ ചാടിയിറങ്ങുന്ന അഭിനയ പ്രക്ഷോഭകർ പരിപാടി തൽക്കാലം നിർത്തിവെച്ച മട്ടാണ്. അവർക്കു കൂട്ടായി ചില മാധ്യമങ്ങളുമുണ്ട്. പ്രക്ഷോഭത്തെ പിറകോട്ടു വലിക്കാൻ മാത്രമേ ഇത്തരം ഇടപെടലുകൾ ഇടവരുത്തൂ.








0 comments