Deshabhimani

നൊബേൽ ലഭിക്കാത്തതിൽ അമർഷം: വിജയിയെ അധിക്ഷേപിച്ച് ട്രംപ്

Donald Trump
വെബ് ഡെസ്ക്

Published on Oct 09, 2026, 08:20 PM | 1 min read

വാഷിങ്ടൺ: സമാധാനത്തിനുള്ള നോബൽ പുരസ്കാരം തനിക്ക് ലഭിക്കാത്തതിലുള്ള അമർഷത്തിൽ പുരസ്കാര വിജയി നവി പിള്ളയ്ക്കെതിരെ അധിക്ഷേപവുമായി ഡോണൾഡ് ട്രംപ്. നൊബേൽ പുരസ്കാരം, നവനീതം പിള്ളയ്ക്ക് (നവി പിള്ള) നൽകിയതിലൂടെ നോബൽ കമ്മിറ്റി സ്വയം നാണംകെട്ടുവെന്നും അവാർഡിന്റെ മൂല്യം കളഞ്ഞെന്നുമാണ് ട്രംപിന്റെ വിമർശനം.


പുരസ്കാരം പ്രഖ്യാപിച്ചതിന് പിന്നാലെ, "നിങ്ങൾ കുറച്ചുകൂടി കൈയടിച്ചാൽ ഈ അവാർഡ് ഞാൻ ട്രംപുമായി പങ്കുവെച്ചേക്കാം" എന്ന് നവി പിള്ള സദസ്സിനോട് തമാശയായി പറഞ്ഞിരുന്നു. എന്നാൽ ഇതിനോട് തികച്ചും രോഷത്തോടെയാണ് ട്രംപ് പ്രതികരിച്ചത്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിൽ' ട്രംപ് പങ്കുവെച്ച കുറിപ്പിൽ നവി പിള്ളയെ "അമേരിക്കൻ വിരോധി" എന്നാണ് വിശേഷിപ്പിച്ചത്.


"നവി പിള്ളയ്ക്ക് നോബൽ നൽകിയതിലൂടെ നോബൽ കമ്മിറ്റി തങ്ങളുടെ അന്തസ്സ് പൂർണ്ണമായും നശിപ്പിച്ചു. നവി പിള്ള അമേരിക്കയുടെയും ഇസ്രയേലിന്റെയും കടുത്ത ശത്രുവാണ്. അവർ ഹമാസിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്"- ട്രംപ് പറഞ്ഞു.


മനുഷ്യാവകാശ സംരക്ഷണത്തിനും അന്താരാഷ്ട്ര നീതിന്യായ വ്യവസ്ഥയിൽ നൽകിയ സമ​ഗ്രമായ സംഭാവനകൾ പരി​ഗണിച്ചാണ്, ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ പ്രവർത്തകയും ഇന്ത്യൻ വംശജ കൂടിയായ നവനീതം പിള്ളയ്ക്ക് പുരസ്കാരം നൽകിയത്. ദക്ഷിണാഫ്രിക്കയിലെ വംശീയവിവേചന വിരുദ്ധ നിയമപോരാട്ടങ്ങളിൽ സജീവമായിരുന്ന നവി പിള്ള ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ ഹൈകമ്മീഷണറായും സേവനം അനുഷ്ഠിച്ചു.


വംശീയ വെറിക്കെതിരെയും സ്ത്രീകളുടെ അവകാശങ്ങൾക്കും സ്ത്രീ വിവേചനത്തിനുമെതിരെ എക്കാലവും മുൻനിരയിൽ നിന്നും പോരാടിയ സ്ത്രീ മുഖം കൂടിയാണ് നവി പിള്ളയു‌ടേത്. അന്താരാഷ്ട്ര ക്രിമിനൽ കോടതി, റുവാണ്ടയ്ക്കായുള്ള ഐക്യരാഷ്ട്രസഭാ അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണൽ എന്നിവയിലെ സേവനത്തിലൂടെ പ്രശസ്തയാണ്. അന്താരാഷ്ട്ര നിയമരംഗത്തും മനുഷ്യാവകാശ സംരക്ഷണത്തിലും മാറ്റങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home