മാനസികോല്ലാസം നൽകുന്ന സൂംബ തുടരണം: ബാലസംഘം

തിരുവനന്തപുരം: മാനസികോല്ലാസം നൽകുന്നതും മതവാദങ്ങൾക്കെതിരുമായ സൂംബ തുടരണമെന്ന് ബാലസംഘം ആവശ്യപ്പെട്ടു. ആഹ്ലാദകരവും ആരോഗ്യകരവുമായ പഠനാന്തരീക്ഷമാണ് കുട്ടികളെ ക്രിയാത്മകമായ അറിവ് നിർമാണത്തിന് സഹായിക്കുക. കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യ ക്ഷമത ഉറപ്പുവരുത്തുന്നതിനായാണ് ഈ അധ്യയന വർഷം മുതൽ സ്കൂളുകളിൽ സൂംബാ ഡാൻസ് പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയത്.
ബാലസംഘം ക്യാമ്പുകളിലൂടെ മുന്നോട്ട് വച്ച ഒരു ബദൽ വിദ്യാഭ്യാസ പ്രവർത്തനമാണ് ഇപ്പോൾ കേരളത്തിന്റെ ഔപചാരിക വിദ്യഭ്യാസത്തിന്റെ ഭാഗമായിരിക്കുന്നത്. കുട്ടികൾ ഒരുമിച്ചു കളിക്കുകയും ജീവിതമാണ് ലഹരി എന്ന് തിരിച്ചറിയുകയും ചെയ്യുന്ന ഒരു പഠന പ്രവർത്തനമായി മാറിയ സൂംബക്കെതിരെ മതസംഘടനകൾ നടത്തുന്ന അധിക്ഷേപങ്ങൾ പുതിയ തലമുറക്കെതിരായ വെല്ലുവിളിയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ആരോഗ്യവും ആത്മവിശ്വാസവും ഉറപ്പുവരുത്തുന്നതിനൊപ്പം മത വർഗീയതക്കെതിരായ ചുവടുവപ്പു കൂടിയായി സൂംബ ഡാൻസ് മാറിയിരിക്കുകയാണ്.
മാനസികവും ശാരീരികവുമായ കരുത്തുള്ളവരുമാക്കി കുട്ടികളെ മാറ്റുന്നതിനുമുള്ള സൂംബാ ഡാൻസ് തുടരണമെന്നും സമൂഹത്തെ പുറകോട്ട് നയിക്കാൻ ശ്രമിക്കുന്ന മതാഭിപ്രായങ്ങളെ ആധുനിക സമൂഹം തള്ളിക്കളയണമെന്നും ബാലസംഘം സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.









0 comments