സൂംബ പരിശീലനത്തിൽ അനാവശ്യ വിവാദം: സ്‌കൂളിലെ കാര്യം സർക്കാർ തീരുമാനിക്കും

shivankutty
വെബ് ഡെസ്ക്

Published on Jun 30, 2025, 12:47 AM | 1 min read

തിരുവനന്തപുരം: സ്‌കൂളുകളിൽ അക്കാദമിക്‌, അക്കാദമിക്‌ ഇതര കാര്യങ്ങളിൽ എന്തു ചെയ്യണമെന്ന്‌ സർക്കാർ തീരുമാനിക്കുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇന്ന കാര്യം ചെയ്യണമെന്ന്‌ ആജ്ഞാപിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. എന്നാൽ, സർക്കാർ തീരുമാനങ്ങളിൽ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അതു ചർച്ച ചെയ്യാൻ തയ്യാറാണ്‌.

ബോധപൂർവം വർഗീയ നിറം നൽകി മതനിരപേക്ഷതയ്‌ക്ക്‌ യോജിക്കാത്ത തരത്തിൽ അഭിപ്രായം പറഞ്ഞാൽ അംഗീകരിക്കില്ല. സൂംബ നൃത്തത്തിൽ പങ്കെടുക്കുന്ന ലക്ഷക്കണക്കിന്‌ വിദ്യാർഥികളെ ആക്ഷേപിക്കുംവിധമുള്ള വിവാദമാണ്‌ ഉണ്ടായിട്ടുള്ളത്‌. കായിക താരങ്ങളുടെ ഡ്രസ്‌ കോഡ് തീരുമാനിക്കാൻ അവരുടെ അസോസിയേഷൻ ഉണ്ട്‌. സ്‌കൂൾ യൂണിഫോം സംബന്ധിച്ച്‌ തീരുമാനമെടുക്കേണ്ടത്‌ പിടിഎ ആണ്‌. വേറെ ആരെങ്കിലും ആജ്ഞാപിച്ചാൽ അതൊന്നും നടപ്പാക്കാൻ പോകുന്നില്ല. സൂംബയുടെ പേരിൽ കായിക രംഗത്ത്‌ പ്രവർത്തിക്കുന്നവരെയാകെ ആക്ഷേപിച്ചിരിക്കുകയാണ്‌.

മോശം പരാമർശം നടത്തിയവർ അതു പിൻവലിച്ച്‌ മാപ്പ്‌ പറയണം. രാജ്‌ഭവനിലെ സംഭവത്തിൽ പ്രോട്ടോക്കോൾ ലംഘനം നടത്തിയിട്ടില്ല. ഗവർണറാണ് പ്രോട്ടോക്കോൾ ലംഘനവും ഭരണഘടന ലംഘനവും നടത്തിയത്‌. ആർഎസ്എസിന്റെ രണ്ട് പ്രധാന നേതാക്കൾ രാജ്ഭവനിൽ പ്രവർത്തിക്കുകയാണെന്നും മന്ത്രി മെന്നും മന്ത്രി പറഞ്ഞു.

പൂർണ പിന്തുണ

ആലപ്പുഴ : സ്‌കൂളുകളിലെ സൂംബ നൃത്തപരിശീലനത്തിന്‌ പൂർണ പിന്തുണയുമായി എസ്‌എൻഡിപി യോഗം. വിദ്യാർഥികളുടെ ആരോഗ്യത്തിനും മാനസികോല്ലാസത്തിനും വേണ്ടിയുള്ള സൂംബയ്‌ക്കെതിരെ ഉയരുന്ന എതിർപ്പ് ബാലിശമാണ്‌. മുസ്ലിം ജനവിഭാഗത്തെ സമൂഹത്തിന് മുന്നിൽ പരിഹാസ്യരാക്കുന്നതാണ് ഇത്തരം നിലപാടുകൾ. ജീവിതത്തിന്റെ എല്ലാ മേഖലകളിലും മതത്തെ കെട്ടിയെഴുന്നള്ളിക്കുന്നത് മാനുഷികമല്ല.

സാമൂഹ്യബോധമുള്ള നേതൃത്വങ്ങൾ ഇത്തരം അപക്വവും തീവ്രവുമായ നിലപാടുകളെ തള്ളിപ്പറയണം. മൗനംപാലിക്കുന്നത് ഇവരെ അംഗീകരിക്കുന്നതിന് തുല്യമാണ്. പുതുതലമുറയെ ലഹരിയിൽനിന്നടക്കം രക്ഷിക്കാനുള്ള മാർഗങ്ങളിൽ ഒന്നായി സൂംബയെ കണ്ടാൽ മതി. കുട്ടികൾ കളിച്ചും ചിരിച്ചും ചിന്തിച്ചും വളരട്ടെ. സൂംബാ ഡാൻസ് നിശ്ചയിച്ച പോലെ മുന്നോട്ടുകൊണ്ടുപോകാൻ സർക്കാർ തീരുമാനിച്ചത് ശുഭകരമാണ്–- സംസ്ഥാന നേതൃയോഗം അംഗീകരിച്ച പ്രമേയത്തിൽ പറഞ്ഞു. ഇസ്ലാം മതത്തിലെ ഒരുവിഭാഗം സൂംബയെ തെറ്റായി വ്യഖ്യാനിക്കുന്നത്‌ ശരിയല്ലെന്ന്‌ യോഗം ജനറൽ സെക്രട്ടറി വെളളാപ്പള്ളി നടേശൻ പറഞ്ഞു. വെറുതെ പ്രശ്‌നങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നവർ പിന്മാറണം–- അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home