ഗാന്ധിഭവനിലെ അന്തേവാസികൾക്ക് 20 കോടിയുടെ പിതൃമന്ദിരം ഒരുക്കി എം എ യൂസഫലി

കൊല്ലം: പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികൾക്ക് 20 കോടി രൂപയുടെ പിതൃമന്ദിരം ഒരുക്കി പ്രമുഖ വ്യവസായിയും ലുലുഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലി. നാൽപതിനായിരത്തോളം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നാല് നിലകളിലായി നിർമ്മാണം പൂർത്തിയാക്കിയ ബഹുനില മന്ദിരത്തിൽ 250 പുരുഷ അന്തേവാസികൾക്ക് താമസിക്കാനുള്ള സൗകര്യമാണുള്ളത്.
ഡോർമിറ്ററി സൗകര്യം, പ്രാർഥനാ മുറികൾ, ലൈബ്രറി, ഡൈനിംഗ് ഹാൾ, നഴ്‌സിംഗ് റൂം, പ്രത്യേക പരിചരണ മുറി എന്നിവയടക്കം അത്യാധുനിക സൗകര്യങ്ങളാണ് പിതൃമന്ദിരത്തിൽ ഒരുക്കിയിരിക്കുന്നത്. 450 പേർക്ക് ഇരിക്കാവുന്ന ശീതീകരിച്ച വിശാലമായ ഇൻഡോർ ഓഡിറ്റോറിയം, രോഗികളെ വഹിക്കാൻ കഴിയുന്ന രണ്ട് സ്ട്രെച്ചർ ലിഫ്റ്റുകൾ, വാഹന പാർക്കിംഗ് സൗകര്യം എന്നിവയും ഇവിടുത്തെ പ്രത്യേകതകളിലൊന്നാണ്. മുഴുവൻ സമയ പരിചരണത്തിനായി നഴ്സിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
കിടപ്പുരോഗികൾക്കായി പ്രത്യേകം അഡ്ജസ്റ്റബിൾ ബെഡ് ഉൾപ്പടെയാണ് 250 കിടക്കകൾ സജ്ജീകരിച്ചിരിക്കുന്നത്. വീൽചെയറുകളും പാലിയേറ്റീവ് സൗകര്യങ്ങളും ലഭ്യമാണ്. കൂടാതെ ഫാർമസിയും ലബോറട്ടറി സംവിധാനവും ഭിന്നശേഷിക്കാർക്കായി പ്രത്യേക ശുചിമുറി സൗകര്യങ്ങളും ഇവിടെയുണ്ട്.








0 comments