ഷാഫി–രാഹുൽ ടീമിന്റെ അതിക്രമങ്ങൾ ; രൂക്ഷ വിമർശവുമായി കോൺഗ്രസ് പ്രവർത്തകർ

തിരുവനന്തപുരം
സമാനതകളില്ലാത്ത ലൈംഗിക ചൂഷണ പരാതികൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിനും സംരക്ഷകനായ ഷാഫി പറമ്പിലിനും എതിരെ രൂക്ഷ വിമർശവുമായി കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ. മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാതിക്രമ കേസുകളുടെ പരമ്പരതന്നെ വന്നിട്ടും കോൺഗ്രസ് നേതാക്കൾ സംരക്ഷിക്കുന്നതായി യൂത്ത് കോൺഗ്രസിന്റെ പ്രാദേശിക വാട്സാപ് ഗ്രൂപ്പുകളിൽപോലും അഭിപ്രായം ഉയരുകയാണ്.
വ്യക്തി താൽപ്പര്യങ്ങൾക്ക് വേണ്ടി കോൺഗ്രസ് പാർടിയെ ഉപയോഗിക്കുന്നതിനെതിരെയും അക്രമം നടത്തുന്നതിനെതിരെയും തിരുവനന്തപുരത്തെ യൂത്ത് കോൺഗ്രസ് ഭാരവാഹികളുടെ വാട്സാപ് ഗ്രൂപ്പിൽ പ്രവർത്തകർ തുറന്നടിച്ചു. വാർത്ത നൽകിയതിന് മാധ്യമ സ്ഥാപനങ്ങൾ അടിച്ചുതകർക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ആക്രമണത്തിന് നേതൃത്വം നൽകിയ ഒന്നാം പ്രതി മിഥുൻ മോഹനെ നേതാക്കൾ തന്നെ സംരക്ഷിക്കുന്നത് കോൺഗ്രസിന് ദോഷം ചെയ്യുമെന്നും ചിലർ പ്രതികരിച്ചു.
ഒരു കാരണവുമില്ലാതെ തമ്പാനൂർ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ സമരം അനാവശ്യമായിരുന്നുവെന്നും ചില പ്രാദേശിക നേതാക്കൾ പ്രതികരിച്ചിട്ടുണ്ട്.
ക്ലിഫ് ഹൗസിലേക്ക് നടത്തിയ യൂത്ത് കോൺഗ്രസ് മാർച്ചിനിടെ പൊലീസുകാരെ തീപ്പന്തം എറിഞ്ഞ നടപടിയെയും ജില്ലയിലെ നേതൃത്വം തള്ളിപ്പറയുകയാണ്. കേസിലെ മുഖ്യപ്രതിയായ കൊല്ലയിൽ ശ്യാംലാലിനെ സാമൂഹ്യ വിരുദ്ധ പ്രവർത്തനം നടത്തിയതിന് ഒരു വർഷമായി പാർടിയിൽനിന്നും വാർഡ് കമ്മിറ്റിയിൽനിന്നും പുറത്താക്കിയിരിക്കുകയാണ്. എന്നാൽ കോൺഗ്രസ് നടത്തുന്ന എല്ലാ അക്രമസമരങ്ങളിലും ഇയാളെ ചില നേതാക്കൾ പങ്കെടുപ്പിക്കാറുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവച്ചാൽ റിപ്പോർട്ടർ ചാനലിന്റെ ഓഫീസ് ആക്രമിക്കുമെന്ന് ശ്യാംലാൽ ഭീഷണി മുഴക്കിയിരുന്നു.









0 comments