print edition ഓഫീസിലെ ലഹരിമാഫിയ; മുഖ്യമന്ത്രി മിണ്ടുന്നില്ല

കൊച്ചി/കാസർകോട്: എംഡിഎംഎയുമായി കാസർകോട്ട് പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ഗുണ്ടാബന്ധവും. മുഖ്യപ്രതികളിൽ ഒരാളായ പെരുമ്പാവൂർ അറക്കപ്പടി സ്വദേശി പി എ അബ്‌ദുൾ സലാമിന് ഗുണ്ടാതലവന്മാരായ പെരുന്പാവൂർ അനസ്, ഒൗറംഗസേബ് എന്നിവരുമായി അടുത്ത ബന്ധമുണ്ടെന്നതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചു.
ഒൗറംഗസേബ്, മംഗലാപുരം ഉണ്ണി വധക്കേസിലടക്കം പ്രതിയാണ്. അബ്‌ദുൾ സലാം ഇവർക്കൊപ്പമുള്ള ചിത്രവും അനസുമൊത്തുള്ള വീഡിയോയും പുറത്തുവന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ഗുണ്ടാബന്ധമുണ്ടെന്നതിന്റെ തെളിവുകൾ ലഭിച്ചിട്ടും മുഖ്യമന്ത്രി സതീശൻ പ്രതികരിച്ചിട്ടില്ല. പ്രതികൾ മുഖ്യമന്ത്രിയുടെ തോളിൽകൈയിട്ടും കൈപിടിച്ചുമുള്ള നിരവധി ചിത്രങ്ങളും വീഡിയോദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അതിനിടെ, ലഹരിക്കടത്ത് കേസ് അന്വേഷിക്കാൻ പൊലീസ് ബംഗളൂരുവിലെത്തി. എംഡിഎംഎ വിൽപ്പനയിലെ കണ്ണിയായ ബംഗളൂരുവിലെ റിയ എന്ന യുവതിയുടെയും മറ്റൊരാളുടെയും ബാങ്ക് അക്കൗണ്ടിലേക്ക് ഒരുമാസത്തിൽ ഒമ്പത് തവണയായി 53 ലക്ഷം രൂപ എത്തിയിരുന്നു. തുക അയച്ചത് പിടിയിലായ യൂത്ത് കോൺഗ്രസുകാരുടെ അക്കൗണ്ടിൽനിന്നാണെന്ന് സൂചനയുണ്ട്. യുവതി വഴിയാണ് എറണാകുളത്തെ മൊത്തവിൽപ്പന സംഘത്തിന് എംഡിഎംഎ ലഭിക്കുന്നത്. ജൂലൈ ആദ്യംമുതൽ പിടിയിലാകുംവരെ നാലുതവണ യുവതി ഇവർക്ക് വലിയ അളവിൽ എംഡിഎംഎ നൽകി. ബംഗളൂരുവിനുപുറമെ ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിൽനിന്നും ഇവർക്ക് എംഡിഎംഎ എത്തിയിരുന്നു.
കാസർകോട്ട് പിടിയിലായ പ്രതികള്‍ മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലെ മൊത്തവിതരണക്കാരാണെന്ന് പൊലീസ് വിലയിരുത്തുന്നു. പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാന്‍ പൊലീസ് 17ന് കോടതിയെ സമീപിക്കും.
സൈബർതട്ടിപ്പിലും പ്രതി
കേസിൽ അവസാനം പിടിയിലായ സൈനുൽ ആബ്‌ദീൻ നേരത്തെ നിരവധി സൈബർ തട്ടിപ്പ് കേസിലും പ്രതിയാണ്. ഓൺലൈൻ ഷെയർ ട്രേഡിങ് വ്യാജ ആപ്പിലൂടെ മട്ടന്നൂർ സ്വദേശിയായ ഡോക്‌ടറുടെ 4.4 കോടി രൂപ തട്ടിയ കേസിലെ മുഖ്യ പ്രതിയും. വിശാഖപട്ടണത്തും കേസുണ്ട്. ജൂലൈയിലാണ് ജാമ്യത്തിലിറങ്ങി സതീശനൊപ്പം കൂടിയത്.










0 comments