യൂത്ത് കോൺഗ്രസിന്റെ ഫണ്ട് വെട്ടിപ്പ് ; കൂടുതൽ പറയിപ്പിക്കരുതെന്ന് ഡിസിസി ജനറൽ സെക്രട്ടറി

കണ്ണൂർ
യൂത്ത് കോൺഗ്രസിന്റെ മുണ്ടക്കൈ ഫണ്ട് വെട്ടിപ്പിനെക്കുറിച്ച് കൂടുതൽ പറയിപ്പിക്കരുതെന്ന വെല്ലുവിളിയുമായി ഡിസിസി ജനറൽ സെക്രട്ടറി. കർഷക കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റും കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറിയുമായ കെ സി വിജയനാണ് ഒൗദ്യോഗിക വാട്സാപ് ഗ്രൂപ്പിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിനെ വെല്ലുവിളിച്ചത്. വാട്സാപ്പിലെ ശബ്‌ദ സന്ദേശം പുറത്തായതോടെ ഫണ്ട് വെട്ടിപ്പിനെക്കുറിച്ച് കോൺഗ്രസ് നേതാക്കൾക്കും ധാരണയുണ്ടെന്ന് വ്യക്തമായി.
കോൺഗ്രസ് ശ്രീകണ്ഠപുരം ബ്ലോക്ക് ലീഡേഴ്സ് എന്ന വാട്സാപ് ഗ്രൂപ്പിൽനിന്നുള്ള ചാറ്റാണ് ചോർന്നത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനനും ഡിസിസി ജനറൽ സെക്രട്ടറി കെ സി വിജയനും തമ്മിലുള്ളതായിരുന്നു ചാറ്റ്.
നേതാക്കളുടെ പ്രവർത്തനം സംബന്ധിച്ച ചർച്ചയ്ക്കിടെ വിജിൽ മോഹനൻ വ്യക്തിപരമായ പരാമർശം നടത്തിയതോടെയാണ് കെ സി വിജയൻ പ്രകോപിതനായത്. ഇതോടെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ രൂക്ഷമായി വിമർശിച്ച് കെ സി വിജയൻ ഓഡിയോ സന്ദേശമയച്ചു.
‘കള്ളവോട്ട് വാങ്ങിയും വ്യാജ ഐഡന്റിറ്റി കാർഡുണ്ടാക്കിയുമാണ് വിജിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായത്. അതിന്റെ മുകളിലുള്ളവനും അങ്ങനെത്തന്നെ. തട്ടിപ്പുനടത്തി ജീവിക്കുന്നവർക്ക് എന്ത് മാന്യത. വയനാട്ടിലേക്ക് ഇവിടെനിന്ന് എത്ര പണം പിരിച്ചുവെന്ന് എനിക്ക് നന്നായി അറിയാം.
അവിടെ എത്ര കൊടുത്തുവെന്നും. ബാക്കി കാര്യം എന്നെക്കൊണ്ട് പറയിപ്പിക്കരുത്.’ ഇതാണ് ഓഡിയോ ക്ലിപ്. ഏരുവേശി പഞ്ചായത്തിലെ കോൺഗ്രസ് സംഘടനാ കാര്യങ്ങൾ കഴിഞ്ഞദിവസം യോഗംചേർന്ന് ചർച്ചചെയ്തിരുന്നു. ഇതിന്റെ തുടർച്ചയാണ് വാട്സാപ് ഗ്രൂപ്പിൽ വന്നത്.
ജില്ലയിൽ ഇരിക്കൂർ, പയ്യന്നൂർ ബ്ലോക്കുകളെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിക്ക് ഫണ്ട് കൈമാറിയുള്ളൂ. രണ്ടരലക്ഷമാണ് ഒരു ബ്ലോക്ക്കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് കൈമാറേണ്ടത്. എന്നാൽ, ഇതിലുംകൂടുതൽ പിരിച്ചിരുന്നുവെന്നാണ് വിജയന്റെ വാക്കുകളിൽനിന്ന് വ്യക്തമാകുന്നത്. മറ്റ് ബ്ലോക്ക് കമ്മിറ്റികളും പണം പിരിച്ചതായി സൂചനയുണ്ട്.
കഴിഞ്ഞദിവസം കണ്ണൂരിൽ നടന്ന ക്യാമ്പിൽ ഇതുസംബന്ധിച്ച് വിമർശനമുയർന്നിരുന്നു. തട്ടിപ്പ് വിവാദം നാണക്കേടുണ്ടാക്കിയെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിനെ ഇരുത്തി വിമർശനമുയർന്നത്.










0 comments