വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച പാരമ്പര്യം യൂത്ത് കോൺഗ്രസിന്; ആരോപണം പ്രകോപനമുണ്ടാക്കാൻ: കെ കെ രാഗേഷ്

കണ്ണൂർ: യുഡിഎഫ് പയ്യന്നൂരിലും തളിപ്പറമ്പിലും ഉന്നയിക്കുന്ന വ്യാജ ഐഡികാർഡ് ആരോപണം തെരഞ്ഞെടുപ്പ് കാലത്ത് പ്രകോപനം സൃഷ്ടിക്കാനാണെന്ന് സിപി ഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. തളിപ്പറമ്പിലെയും പയ്യന്നൂരിലെയും യുഡിഎഫ് സ്ഥാനാർഥികൾ പ്രകാപനം സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണമെന്നും രാഗേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രതിപക്ഷ നേതാവ് മുതൽ സകല നേതാക്കളും ക്വാട്ട നിശ്‌ചയിച്ച് നുണകൾ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വ്യാജ ഐഡികാർഡുകൾ ഉണ്ടാക്കുന്നുവെന്ന് പ്രചരിപ്പിക്കപ്പെട്ട സഹകരണ സ്ഥാപനത്തിൽ പൊലീസും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും റെയ്‌ഡ് നടത്തിയിട്ടുണ്ട്. മഹസർ റിപ്പോർട്ടിൽ ആരോപിക്കപ്പെട്ട ഒരു സംഗതിയും അവിടെ കണ്ടെത്താനായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ റിപ്പോർട്ട്. വിശ്വാസയോഗ്യമായ കേന്ദ്രത്തിൽ നിന്ന് ലഭിച്ച പരാതി പ്രകാരമാണ് റെയ്‌ഡ് എന്നാണ് അവകാശവാദം. യൂത്ത് കോൺഗ്രസിനാണ് സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചതിന്റെ പാരമ്പര്യമുള്ളത്.
പാർടിയെ തിരുത്തിക്കാൻ രംഗത്തുവന്നവർ യുഡിഎഫിന്റെ അഴിമതിയുടെ പന്നിക്കൂട്ടിൽ അകപ്പെട്ടിരിക്കയാണ്. പാർടി ഓഫീസ് നിർമിച്ചതിന്റെ കണക്ക് ചോദിക്കുന്ന കുഞ്ഞികൃഷ്‌ണൻ യുഡിഎഫ് തെരഞ്ഞെടുപ്പിൽ ചെലവഴിക്കുന്ന പണം എവിടെ നിന്ന് വന്നതാണെന്ന് വെളിപ്പെടുത്തരണം. വയനാട് ദുരന്തത്തിന്റെ പേരിൽ കെപിസിസി പിരിച്ച പണമാണ് പയ്യന്നൂരിൽ തെരഞ്ഞെടുപ്പിനായി പൊടിക്കുന്നത്. പയ്യന്നൂർ ഏരിയ കമ്മറ്റി ഓഫീസിൽ വ്യാജ ആധാർ കാർഡ് ഉണ്ടാക്കുന്നുവെന്നാണ് കുഞ്ഞികൃഷ്‌ണൻ പയറുന്നത്. തെളിവുണ്ടോ എന്ന ചോദിച്ചാൽ ഒന്നിനും തെളിവില്ലെന്നാണ് ഉത്തരം.
കണ്ണൂരിൽ ഉജ്വലമായ വിജയം നേടും
കണ്ണൂർ ജില്ലയിൽ എൽഡിഎഫ് കഴിഞ്ഞ തവണത്തേക്കാൾ ഉജ്വലമായ വിജയം കൈവരിക്കും. മണ്ഡലത്തിൽ ഒന്നും ചെയ്യാനാവാത്ത സണ്ണി ജോസഫിൽ നിന്ന് പേരാവൂർ മണ്ഡലം പിടിച്ചെടുക്കും. കണ്ണൂർ മണ്ഡലത്തിൽ അഴിമതിയുടെ കറ പുരളാത്ത കടന്നപ്പള്ളി വിജയം ആവർത്തിക്കും. രണ്ടര വർഷം മേയർ പദവിയിലിരുന്ന യുഡിഎഫ് സ്ഥാനാർഥിക്കെതിരെ കടുത്ത അഴിമതി ആരോപണങ്ങളിൽ അഞ്ച് വിജിലൻസ് അന്വേഷണങ്ങൾ നടക്കുന്നതായും കെ കെ രാഗേഷ് പറഞ്ഞു.










0 comments