തർക്കം രൂക്ഷം ; യൂത്ത് കോൺഗ്രസിന് പ്രസിഡന്റ് അകലെ

തിരുവനന്തപുരം
ലൈംഗികാതിക്രമ ആരോപണങ്ങളെത്തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രാജിവച്ചിട്ട് 39 ദിവസം കഴിഞ്ഞിട്ടും പുതിയ ആളെ കണ്ടെത്താനോ പകരം ചുമതല നൽകാനോ കഴിയാതെ കോൺഗ്രസ് നേതൃത്വം. തർക്കം നീണ്ടുപോകുന്നതിനാൽ, ഐ ഗ്രൂപ്പ് കഴിഞ്ഞദിവസം കൊച്ചിയിൽ യോഗം ചേർന്ന് സമ്മർദം ശക്തമാക്കാൻ തീരുമാനിച്ചിരുന്നു.
വിഷയം കെട്ടടങ്ങുന്പോൾ രാഹുലിനെത്തന്നെ വീണ്ടും പ്രസിഡന്റാക്കാമെന്ന അഭിപ്രായം എ ഗ്രൂപ്പിനുണ്ടെങ്കിലും അത് അംഗീകരിക്കാൻ ഐ ഗ്രൂപ്പ് തയ്യാറല്ല. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് രാഹുലിനൊപ്പം മത്സരിച്ച അബിൻ വർക്കിയെ കൊണ്ടുവരണമെന്നാണ് ഐ ഗ്രൂപ്പിന്റെ ആവശ്യം. എന്നാൽ, വൈസ് പ്രസിഡന്റായ അബിന് താൽകാലിക ചുമതല നൽകാൻപോലും നേതൃത്വം തയ്യാറല്ല.
അബിനെ തഴയുന്നതിൽ ഗ്രൂപ്പുകൾക്കതീതമായി ചില നേതാക്കളുടെ ഐക്യമുണ്ട്. രമേശ് ചെന്നിത്തലയാണ് അബിനെ പിന്തുണയ്‌ക്കുന്നത്. കെ സി വേണുഗോപാലിന്റെ പിന്തുണയുള്ള യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായ ബിനു ചുള്ളിയിലിനാണ് സാധ്യത കൂടുതൽ. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ മനസ്സും ബിനുവിനൊപ്പമാണ്. രാഹുലിന് വീണ്ടും സ്ഥാനം നൽകാൻ തടസ്സമുണ്ടെങ്കിൽ കെഎസ്‌യു പ്രസിഡന്റായിരുന്ന കെ എം അഭിജിത്തിനെ പ്രസിഡന്റാക്കണം എന്നാണ് എ ഗ്രൂപ്പ് നിർദേശിക്കുന്നത്.









0 comments