ad
Deshabhimani

നിതിൻ രാജിന്റെ മരണം: യുവജന കമ്മീഷൻ കോളേജിലെത്തി മൊഴിയെടുത്തു; മാനേജ്‌മെന്റിനെതിരെ വിദ്യാർത്ഥികളുടെ കൂട്ടമൊഴി

Youth commission.jpg
വെബ് ഡെസ്ക്

Published on Apr 13, 2026, 11:02 PM | 1 min read

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സംസ്ഥാന യുവജന കമ്മീഷൻ കോളേജിലെത്തി മൊഴിയെടുത്തു. കമ്മീഷൻ അധ്യക്ഷൻ എം ഷാജറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അധ്യാപകരുടെയും സഹപാഠികളുടെയും മൊഴി രേഖപ്പെടുത്തിയത്.


വിഷയത്തിൽ സ്വമേധയാ കേസെടുത്ത കമ്മീഷൻ, ജില്ലാ പൊലീസ് മേധാവിയോട് അടിയന്തര റിപ്പോർട്ടും ആവശ്യപ്പെട്ടു. യുവജന കമ്മീഷൻ അംഗം രൺദീപ് പി പി, സംസ്ഥാന കോഡിനേറ്റർ അഡ്വ. രാഹുൽ രാജ്, ജില്ലാ കോഡിനേറ്റർ വൈഷ്ണവ് മഹേന്ദ്രൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.


ജാതി അധിക്ഷേപവും ക്രൂരമായ മാനസിക പീഡനവുമാണ് നിതിൻ രാജിന്റെ മരണത്തിന് പിന്നിലെന്ന് സഹപാഠികൾ കമ്മീഷനോട് വെളിപ്പെടുത്തി. കുറ്റാരോപിതനായ അധ്യാപകനിൽ നിന്ന് മുൻപും സമാനമായ പീഡനങ്ങൾ ഉണ്ടായിട്ടുണ്ട്. പലതവണ മാനേജ്‌മെന്റിന് പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് വിദ്യാർത്ഥികൾ മൊഴി നൽകി.


നിതിനെ ലക്ഷ്യമിട്ട് നിരന്തരം ജാതി അധിക്ഷേപങ്ങൾ നടന്നിരുന്നതായും ഇത് അവനെ മാനസികമായി തളർത്തിയതായും സഹപാഠികൾ കമ്മീഷനെ അറിയിച്ചു. അധ്യാപകനെ സംരക്ഷിക്കുന്ന നിലപാടാണ് മാനേജ്‌മെന്റ് സ്വീകരിച്ചതെന്ന ആരോപണം കമ്മീഷന്റെ മൊഴിയെടുപ്പിലും ആവർത്തിക്കപ്പെട്ടു.


നിതിൻ രാജിന് നീതി ആവശ്യപ്പെട്ട് ക്യാമ്പസിനുള്ളിൽ ഇന്ന് വൻ പ്രതിഷേധമാണ് അരങ്ങേറിയത്. വിദ്യാർത്ഥി-യുവജന-മഹിളാ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ച് കോളേജ് അധികൃതർ തടയാൻ ശ്രമിച്ചത് സംഘർഷാവസ്ഥയുണ്ടാക്കി. കുറ്റക്കാരായ അധ്യാപകരെയും അവർക്ക് കൂട്ടുനിന്ന മാനേജ്‌മെന്റിനെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് എം ഷാജർ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.


സൂക്ഷ്മമായ അന്വേഷണത്തിലൂടെ കുറ്റക്കാർ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി. സർവകലാശാലാ തലത്തിലും പൊലീസ് തലത്തിലും നടക്കുന്ന അന്വേഷണങ്ങൾക്കൊപ്പം യുവജന കമ്മീഷന്റെ റിപ്പോർട്ടും സർക്കാരിന് സമർപ്പിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home