ഇൻസ്റ്റഗ്രാം വഴി പരിചയം; 13കാരിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി ഭീഷണി: പ്രതി അറസ്റ്റിൽ

റാന്നി: റാന്നി സ്വദേശിനിയായ പതിമൂന്നുകാരിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ശേഷം നഗ്നചിത്രങ്ങൾ നിർബന്ധപൂർവം വാങ്ങിയെടുക്കുത്ത റാന്നി വൈക്കം വിളയിൽ ലക്ഷംവീട്ടിൽ രാജേഷ് കുമാറിനെ (34) യാണ് റാന്നി പൊലീസ് അറസ്റ്റ് ചെയ്തത്.
2025 സെപ്തംബറിലാണ് പെൺകുട്ടിയുമായി ഇയാൾ പരിചയം ആകുന്നത്. തുടർന്ന് ചാറ്റ് ചെയ്യുകയും പെൺകുട്ടിയുടെ അടിവസ്ത്രം ധരിച്ച ഫോട്ടോ നിർബന്ധിച്ച് കൈക്കലാക്കുകയും ചെയ്തു. ഇത് മാതാപിതാക്കളുടെ ശ്രദ്ധയിൽപെട്ടതോടെയാണ് വിവരം പുറത്ത് അറിയുന്നത്. തുടർന്ന് റാന്നി പൊലീസ് പെൺകുട്ടിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനിടെ പ്രതി പെൺകുട്ടിയുടെ ഫോട്ടോ പ്രൊഫൈൽ പിക്ചർ ആക്കി മറ്റൊരു ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങി വീണ്ടും പെൺകുട്ടിയെ ബന്ധപ്പെടുകയും ഭീഷണികൾ തുടരുകയും ചെയ്തു.
പത്തനംതിട്ട സൈബർ സെൽ വഴി നടത്തിയ അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തുകയായിരുന്നു. സമൂഹമാധ്യമത്തിൽ സ്ഥിരസാന്നിധ്യമായ ഒരു യുവാവിന്റെ ഫോട്ടോ പ്രൊഫൈൽ പിക്ചർ ആക്കിയും റീലുകൾ പോസ്റ്റ് ചെയ്തുമാണ് പ്രതി പെൺകുട്ടിയെ ആകർഷിച്ചത്. ഇയാളുടെ ഫോണിൽ ധാരാളം പെൺകുട്ടികളുടെ ഫോട്ടോകളും നാലോളം വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും ഉള്ളതായി പൊലീസ് കണ്ടെത്തി. കൂടുതൽ പെൺകുട്ടികളെ ഇത്തരത്തിൽ ഇയാൾ കുടുക്കിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ഇൻസ്‌പെക്ടർ പ്രജീഷ് ശശി, എസ്‌ഐ സിബി, പൊലീസ് ഉദ്യോഗസ്ഥരായ അഭിനന്ത്, ശൈലേന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.









0 comments