അന്ന് ഒരു പ്രകടനം പോലും നടത്താതിരുന്നത് എന്തുകൊണ്ട്? പ്രതിപക്ഷശ്രമം ജനങ്ങളെ തെറ്റിധരിപ്പിക്കാൻ: സേവ്യർ ചിറ്റിലപ്പിള്ളി

തിരുവനന്തപുരം: കുന്നംകുളം പൊലീസ് സ്റ്റേഷനിലുണ്ടായ അതിക്രമത്തിൽ കൃത്യമായ അന്വേഷണം നടത്തി ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടി സ്വീകരിച്ചുവെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ. കുറ്റാരോപിതർക്കെതിരായി തെളിവുകളുടെ അടിസ്ഥാനത്തിൽ അച്ചടക്കനടപടി സ്വീകരിച്ചു. ജനങ്ങൾക്കുനേരെയുള്ള പൊലീസ് മർദനം ഒരുതരത്തിലും എൽഡിഎഫ് സർക്കാർ അംഗീകരിക്കില്ല. അത്തരം ആരോപണങ്ങൾ വന്നഘട്ടത്തിലെല്ലാം സർക്കാർ ശക്തമായ നടപടി സ്വീകരിച്ചുവെന്നും സേവ്യർ ചിറ്റിലപ്പിള്ളി അടിയന്തരപ്രമേയ ചർച്ചയിൽ പറഞ്ഞു.
2023 ഏപ്രിൽ അഞ്ചിനാണ് യൂത്ത് കോൺഗ്രസ് നേതാവായ സുജിത്തിന് മർദനമേറ്റത്. ആരോപിക്കപ്പെട്ട സംഭവം നടന്നതിന് ശേഷം അഞ്ച് തവണ നിയമസഭാ സമ്മേളനങ്ങൾ ചേർന്നു. അന്നൊന്നും ഈ വിഷയം പ്രതിപക്ഷം ഉന്നയിച്ചില്ല. രാഷ്ട്രീയപ്രചരണത്തിന് വേണ്ടി മാത്രമാണ് അടിയന്തരപ്രമേയവുമായി ഇപ്പോൾ വരുന്നത്. ജനങ്ങളെ തെറ്റിധരിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.
സുജിത്തിന് മർദനമേറ്റ വിഷയം ശ്രദ്ധയിൽപ്പെട്ട ഉടനെ മുഖ്യമന്ത്രി ഇടപെട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. വിഷയം ഉണ്ടായി രണ്ടരവർഷമായിട്ടും എന്തുകൊണ്ടാണ് പ്രതിപക്ഷം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്താതെ പോയത്. രാജ്യത്തെ മികച്ച സേനയായ കേരള പൊലീസിനെ ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ഇകഴ്ത്താനാണ് പ്രതിപക്ഷത്തിന്റെ ശ്രമം.
'ഗോളാന്തര വാർത്തകൾ' എന്ന സിനിമയിൽ ശ്രീനിവാസൻ അവതരിപ്പിച്ച സ്ഥലത്തെ പ്രധാനഗുണ്ടയായ 'കാരക്കൂട്ടിൽ ദാസൻ' എന്ന കഥാപാത്രത്തെക്കുറിച്ച് ശങ്കരാടി ഒരു പ്രസംഗം നടത്തുന്നുണ്ട്. അതാണ് ഇപ്പോൾ കുന്നംകുളത്ത് നടക്കുന്നത്. കേസിനാധാരമായ സംഭവങ്ങൾ കൂടി ചർച്ച ചെയ്യണം. 2019ൽ എരുമപ്പെട്ടി പൊലീസ് പരിധിയിൽ പൊതുജനങ്ങൾക്ക് സമാധാന ജീവിതത്തിന് ഭംഗം വരുത്തുംവിധം തുടർച്ചായി ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കി, ഇരുമ്പ് പൈപ്പ്, വാൾ എന്നിവകൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചെന്ന കേസിൽ പ്രതിയാണ് ഈ സുജിത്ത്. ക്ഷേത്രചടങ്ങുകൾ അലങ്കോലപ്പെടുത്തിയെന്ന കേസിലും ഇയാൾ പ്രതിയാണ്. ഇത്തരത്തിൽ കേസ് ഡയറിയുള്ള സുജിത്ത് പൊലീസിന്റെ കൃത്യനിർവഹണത്തിൽ ഇടപെട്ടതിനെ തുടർന്നാണ് പിന്നീടുണ്ടായ സംഭവങ്ങൾ. എന്നാൽ പൊലീസ് സ്റ്റേഷനിലുണ്ടായ സംഭവത്തിന്റെ പേരിൽ എന്തുകൊണ്ടാണ് അന്ന് ഒരു പ്രതിഷേധ പ്രകടനം പോലും നടത്താതിരുന്നത്?
യുഡിഎഫ് കാലത്ത് ലോക്കപ്പിലും പൊതുഇടങ്ങളിലും ആളുകളെ മർദിച്ച പൊലീസിന് നേരെ അന്ന് സ്വീകരിച്ച നടപടികളും ഇപ്പോഴത്തെ അന്തരീക്ഷവും വ്യക്തമാണ്. ക്രിമിനൽ കേസുകളിൽപ്പെട്ട നിരവധി പൊലീസ് ഉദ്യോഗസ്ഥരെ എൽഡിഎഫ് സർക്കാർ പിരിച്ചുവിട്ടു. കുറ്റക്കാരായവരെ സസ്പെൻഡ് ചെയ്തു. തെറ്റായ നിലപാടെടുക്കുന്നു പൊലീസുകാർക്കെതിരെ ശക്തമായ നിലപാടെടുത്ത് അവരെ തിരുത്തുമെന്നും സേവ്യർ ചിറ്റിലപ്പിള്ളി പറഞ്ഞു.










0 comments